അറബിക്കടലിലെ ന്യൂനമര്‍ദ്ദം അപകടം വിതയ്ക്കാനുള്ള സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അടിയന്തരയോഗം ചേര്‍ന്നു. അറബിക്കടലിന് തെക്കുകിഴക്കായി ശ്രിലങ്കയ്ക്കടുത്ത് വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ പരിഗണിച്ചാണ് മുന്‍കരുതലുകള്‍ കൈക്കൊള്ളാന്‍ അടിയന്തിര യോഗം ചേര്‍ന്നത്. ശക്തമായ ചുഴലിക്കാറ്റ് അറബിക്കടലിലൂടെ ലക്ഷദ്വീപിനടുത്തുകൂടി വടക്കുപടിഞ്ഞാറുദിശയില്‍ സഞ്ചരിക്കുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അടിയന്തരയോഗംചേര്‍ന്ന് മുന്‍കരുതലെടുക്കാനും മുന്നറിയിപ്പ് നല്‍കാനും തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനമര്‍ദം രൂപപ്പെടുന്നതോടെ അതിശക്തമായ കാറ്റുണ്ടാകുകയും കടല്‍ പ്രക്ഷുബ്ധമാകുകയുംചെയ്യും. മത്സ്യത്തൊഴിലാളികള്‍ വ്യാഴാഴ്ചയ്ക്കുമുമ്പ് സുരക്ഷിതതീരത്ത് എത്തണം. ആരും കടലില്‍ പോകരുതെന്ന നിര്‍ദേശം തീരദേശത്താകെ ഉച്ചഭാഷിണിയിലൂടെയും മറ്റ് മാര്‍ഗങ്ങളിലൂടെയും അറിയിക്കും. പ്രളയബാധിത പ്രദേശങ്ങളില്‍ പൊലീസ് മുന്നറിയിപ്പ് നല്‍കും. പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പൂര്‍ണമായും വാസയോഗ്യമായിട്ടില്ലാത്തതിനാല്‍ മുമ്പ് ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച സ്ഥലങ്ങളില്‍ സജ്ജീകരണം ഒരുക്കണം. കേന്ദ്രസേനാവിഭാഗങ്ങളോട് അടിയന്തരമായി സജ്ജമാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ അഞ്ച് ടീമിനെ അധികമായി കേരളത്തിലേക്കയക്കാന്‍ ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരെ സാമൂഹ്യസുരക്ഷാവകുപ്പ് പ്രത്യേകം പരിഗണിക്കുകയും ദുരന്തസാധ്യതാമേഖലകളില്‍നിന്ന് മാറ്റിപ്പാര്‍പ്പിക്കുകയും വേണം. ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം വ്യാഴാഴ്ചയും ചേരും. ഡാമുകളുടെ ജലനിരപ്പ് പ്രത്യേകം പരിഗണിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ന്യൂനമര്‍ദവും ചുഴലിക്കാറ്റുംമൂലം കേരളത്തില്‍ പലയിടങ്ങളിലും അതിതീവ്ര മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ഏഴിന് ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ചയോടെ കേരളത്തില്‍ പരക്കെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാനും സാധ്യതയുണ്ട്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്ന മുന്നറിയിപ്പ് പരിഗണിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ മുന്‍കരുതലെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കലക്ടര്‍മാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. മലയോരത്ത് ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ തയ്യാറാക്കാനും കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.