ശബരിമല : വർഗീയ മുതലെടുപ്പുമായി ആർ എസ് എസ്
അഡ്മിൻ
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വര്‍ഗീയ മുതലെടുപ്പ് ലക്ഷ്യമിട്ട് പ്രഖ്യാപിത നിലപാട് മാറ്റി ആര്‍ എസ് എസ്. നേരത്തെ ഭരണഘടന അനുശാസിക്കുന്ന തുല്യതയും ലിംഗനീതിയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആര്‍ എസ് എസ് ആവശ്യപ്പെട്ടിരുന്നു. ശബരിമലയിലും ഇതേ നിലപാടാണ് ആര്‍ എസ് എസ് കൈക്കൊണ്ടത്. ആ നിലപാട് ഉത്തരേന്ത്യന്‍ വിശ്വാസികളെയും കേരളമൊഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിശ്വാസികളെയും തൃപ്തിപ്പെടുത്താനാണെന്നാണ് നാഗ്പൂരില്‍ നിന്നുള്ള ആര്‍ എസ് എസിന്റെ വിശ്വസ്തകേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍, ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ വികാരത്തെ തള്ളിക്കളയാന്‍ പാടില്ലെന്ന നിലപാടുമായി ഇപ്പോള്‍ ആര്‍ എസ് എസ് ദേശീയ നേതൃത്വം മലക്കം മറിഞ്ഞിരിക്കുന്നു.
ആര്‍ എസ് എസിന്റെ ഈ നയം മാറ്റം കേരളത്തില്‍ വര്‍ഗീയ കലാപത്തിനുള്ള സാധ്യത കണ്ടുകൊണ്ടാണ്. ആര്‍ എസ് എസ് സര്‍ കാര്യവാഹക് വൈ ആര്‍ ഇ ജോഷി കേരളത്തിലെ ബി ജെ പി അധ്യക്ഷനായിരുന്ന മേഘാലയ ഗവര്‍ണര്‍ കുമ്മനം രാജശേഖരനുമായി ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. കുമ്മനം ആര്‍ എസ് എസ് പ്രചാരകനാണ്. നിലക്കല്‍ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ കുമ്മനം നിലവില്‍ ഉയര്‍ന്നുവന്ന ശബരിമല വിവാദത്തില്‍ നിന്നും വര്‍ഗീയമായ മുതലെടുപ്പ് നടത്താമെന്ന അഭിപ്രായക്കാരനാണെന്നാണ് പറയപ്പെടുന്നത്. കുമ്മനത്തിന്റെ ആ നിരീക്ഷണത്തെ മുഖവിലക്കെടുത്താണ് ആര്‍ എസ് എസ് ദേശീയ നേതൃത്വം തങ്ങളുടെ പ്രഖ്യാപിത നിലപാട് മാറ്റിപ്പിടിച്ച് പുതിയ നിലപാടുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
ക്ഷേത്രങ്ങളിലെ വ്യത്യസ്ത ആചാരങ്ങള്‍ മാനിക്കണം. വിശ്വാസികളുടെ വികാരം തള്ളിക്കളയാന്‍ പാടില്ല. തുടങ്ങിയ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ട് അയ്യപ്പ വിശാസികള്‍ എന്ന നിലയില്‍ ആര്‍ എസ് എസ് നിയന്ത്രിക്കുന്ന എല്ലാ സംഘപരിവാര്‍ സംഘടനകളില്‍ നിന്നും പ്രവര്‍ത്തകരെ തെരുവിലിറക്കാനാണ് ആര്‍ എസ് എസ് ലക്ഷ്യമിടുന്നത്. ശബരിമല വിഷയം പ്രാദേശിക ക്ഷേത്ര പാരമ്പര്യവുമായി ബന്ധപ്പെട്ടതാണെന്നും സുപ്രീംകോടതി വിധി മറികടക്കുന്നതിന് സാധിക്കുന്ന തരത്തിലുള്ള നിയമനടപടികള്‍ പരിശോധിക്കണമെന്നും ആര്‍ എസ് എസ് സര്‍ കാര്യവാഹക് വൈ ആര്‍ ഇ ജോഷി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്. വിശ്വാസികളുടെ വികാരം മാനിക്കാതെ വിധി വേഗം നടപ്പാക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാട്ടരുതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
സുപ്രീംകോടതി വിധിയെ അംഗീകരിക്കുന്നു എന്ന് പരസ്യമായി പറയുകയും ജനരോഷമെന്നുള്ള നിലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ ഇറക്കി പ്രതിഷേധം നടത്തി കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യാനുള്ള പദ്ധതിയാണ് ആര്‍ എസ് എസ് മെനഞ്ഞിട്ടുള്ളത്. ഇടതുപക്ഷത്തുള്ള വിശ്വാസികളില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടാക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് ആര്‍ എസ് എസ് കണക്കുകൂട്ടല്‍. അതേസമയം സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള പ്രായോഗിക പരിപാടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്.
04-Oct-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ