ശബരിമലയില്‍ പോകാന്‍ ഇഷ്ടമില്ലെങ്കില്‍ സ്ത്രീകള്‍ പോകേണ്ട. എന്തിനാണ് കോലാഹലം ?

ശബരിമല വിഷയത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തെയും പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് ശശികുമാര്‍ വര്‍മയെയും രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍. വേണമെങ്കില്‍ പോകാമെന്നു പറയാന്‍ അവകാശമില്ലെന്ന് പറയുന്നവര്‍ ഫാസിസ്റ്റുകളാണ്. ഭരണഘടനയെ എതിര്‍ക്കുന്നത് ഇത്തരക്കാരാണ്. തമ്പുരാട്ടി എവിടുത്തെ തമ്പുരാട്ടിയാണ്. തിരുവിതാംകൂര്‍ മഹാറാണി എന്നൊരു പദവിയില്ല, രാജകുടുംബവുമില്ല. രാജവാഴ്ച അവസാനിച്ചതാണ്. പഴയ രാജകുടുംബം എന്നാണ് പറയേണ്ടത്' മന്ത്രി പറഞ്ഞു.

പന്തളം കൊട്ടാരം നിര്‍വാഹക സമിതിയംഗം ശശികുമാര്‍ വര്‍മ്മയ്‌ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് സുധാകരന്‍ നടത്തിയത്. ശശികുമാര്‍ വര്‍മ്മ മുന്‍ എസ്എഫ്‌ഐക്കാരനാണ്. പാര്‍ട്ടിയുടെ ഉപ്പും ചോറും തിന്നിട്ട് ഇപ്പോള്‍ സര്‍ക്കാരിനെ ആക്ഷേപിക്കുന്നു. സര്‍ക്കാരിനെതിരെ അസംബന്ധം പറയാന്‍ ആരാണ് അനുമതി നല്‍കിയത്. പാര്‍ട്ടിയുടെ ഉപ്പും ചോറും തിന്നവര്‍ ഇപ്പോള്‍ കമ്മ്യൂണിസ്റ്റുകാരെ ആക്ഷേപിക്കുകയാണ്. വിശ്വാസത്തിന്റെ പേരില്‍ കോലാഹലം ഉണ്ടാക്കിയാല്‍ ആര്‍ക്കെങ്കിലും കൂടുതല്‍ വോട്ടു കിട്ടുമോ. ശബരിമലയില്‍ പോകാന്‍ ഇഷ്ടമില്ലെങ്കില്‍ സ്ത്രീകള്‍ പോകേണ്ട. ഇതിന്റെ പേരില്‍ എന്തിനാണ് കോലാഹലമുണ്ടാക്കുന്നത്. പൂജയ്ക്ക് സ്ത്രീപുരുഷ വ്യത്യാസം ഇല്ല. സുധാകരന്‍ പറഞ്ഞു.

06-Oct-2018