മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി രാജ്യം. നിഗംബോധ് ഘാട്ടില്‍ ഇനി അന്ത്യവിശ്രമം. രാവിലെ എഐസിസി ആസ്ഥാനത്ത പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായിട്ടാണ് സംസ്‌കാരം നടക്കുന്ന യമുനാ തീരത്തെ നിഗംബോധ് ഘാട്ടിലേക്ക് മൃതദേഹം കൊണ്ടുപോയത്. മന്‍മോഹന്‍ അമര്‍ രഹേ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ മുന്‍ പ്രധാനമന്ത്രിക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ചത്.
രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി മോദിയും മറ്റ് പ്രമുഖ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും മന്‍മോഹന്‍സിംഗിന് അന്തിമോപചാരമര്‍പ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, കെസി വേണുഗോപാല്‍, സിദ്ധരാമയ്യ, പ്രിയങ്ക ഗാന്ധി, ഡികെ ശിവകുമാര്‍ മറ്റു കേന്ദ്ര നേതാക്കള്‍, എംപിമാര്‍, കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവരും മുന്‍ പ്രധാനമന്ത്രിക്ക് അന്തിമോപചാരമര്‍പ്പിക്കാനെത്തി.
1932 സെപ്റ്റംബര്‍ 26ന് പഞ്ചാബിലാണ് ഡോ മന്‍മോഹന്‍ സിംഗ് ജനിച്ചത്. പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. കേംബ്രിഡ്ജ്, ഓക്സ്ഫെഡ് സര്‍വകലാശാലകളില്‍ തുടര്‍പഠനം. 1971-ല്‍ വാണിജ്യ മന്ത്രാലയത്തില്‍ സാമ്പത്തിക ഉപദേഷ്ടാവായാണ് മന്‍മോഹന്‍ സിംഗ് ഇന്ത്യാ സര്‍ക്കാരിന്റെ ഭാഗമാകുന്നത്.
1972-ല്‍ ധനകാര്യ മന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി. 1982 മുതല്‍ 85 വരെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. പിന്നീട് രണ്ട് വര്‍ഷം ആസൂത്രണ കമ്മീഷന്‍ മേധാവിയായും പ്രവര്‍ത്തിച്ചു. 1987-ല്‍ പദ്മവിഭൂഷണ്‍ നല്‍കി ഡോ. മന്‍മോഹന്‍ സിംഗിനെ രാജ്യം ആദരിച്ചു.