ഗുജറാത്ത്: പതിനാല് മാസം പ്രായമുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തെ തുടര്‍ന്ന് ഗുജറാത്തില്‍ വന്‍ കലാപം. ഠാകൂര്‍ സമുദായത്തിൽപ്പെട്ട കുഞ്ഞിനെ ബിഹാറില്‍ നിന്നും എത്തിയ രവീന്ദ്ര ഷാഹു എന്ന 28കാരന് തൊഴിലാളി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സെപ്റ്റംബര്‍ 28നായിരുന്നു സംഭവം, തുടർന്ന് പോലീസ് ഇയാളെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ പ്രതി അന്യസംസ്ഥാനത്തൊഴിലാളി ആണെന്നറിഞ്ഞതുമുതൽ ഗാന്ധിനഗര്‍, അഹമ്മദാബാദ്, പഠാന്‍, സബര്‍കന്ത, മെഹ്സാന എന്നീ ജില്ലകളില്‍ നടന്ന പ്രതിഷേധങ്ങൾ അക്രമത്തിലേക്ക് തിരിയുകയായിരുന്നു. അന്യസംസ്ഥാനത്തൊഴിലാളികൾക്കെതിരെ വ്യാപകമായ അക്രമങ്ങളാണ് നടക്കുന്നത്. ഗുജറാത്തിലുള്ള ഇതരസംസ്ഥാന തൊഴിലാളികളോട് സംസ്ഥാനം വിട്ടുപോകണമെന്നും മറ്റും ആവശ്യപ്പെട്ടുകൊണ്ടുള്ള വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
കൊണ്‍ഗ്രസ് എം.എല്‍.എയും ബിഹാറിലെ എ.ഐ.സി.സി ചുമതലയുള്ള അല്‍പേഷ് ഠാക്കൂറാണ് അക്രമണത്തിന് ആഹ്വാനം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കലാപത്തെ തുടര്‍ന്ന് 180 പേരാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണമെന്നും കേസ് പിന്‍വലിക്കണമെന്നും ഠാക്കൂര്‍ ആവശ്യപ്പെട്ടു. വിവിധയിടങ്ങളില്‍ അക്രമ സംഭവങ്ങളും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.