വാട്സാപ്പിനും ഗൂഗിള്‍ പ്ലേ സ്റ്റോറിനും ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ച് ഇറാന്‍

ഇനി വാട്‌സ്ആപ്പിനും ഗൂഗിള്‍ പ്ലേ സ്റ്റോറിനും വിലക്കില്ല. വാട്സാപ്പിനും ഗൂഗിള്‍ പ്ലേ സ്റ്റോറിനും ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഔദ്യോഗികമായി പിന്‍വലിച്ച് ഇറാന്‍. സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ഇസ്ലാമിക് റിപബ്ലിക് ന്യൂസ് ഏജന്‍സി (ഐ.ആര്‍.എന്‍.എ) ആണ് വാട്സാപ്പിനും ഗൂഗിള്‍ പ്ലേ സ്റ്റോറിനും ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഇറാന്‍ ഔദ്യോഗികമായി പിന്‍വലിച്ച വാര്‍ത്ത പുറത്ത് വിട്ടത്.

പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ നല്‍കിയ വാക്കായിരുന്നു ഈ വിലക്ക് പിന്‍ലിക്കല്‍. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നടത്തിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരന്നു ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ എടുത്തു കളയുമെന്നത്. ഇതാണ് ഇപ്പോള്‍ പാലിച്ചിരിക്കുന്നത്.

വാട്സാപ്പ്, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ തുടങ്ങിയ ആഗോള സേവനങ്ങള്‍ പുനരാരംഭിക്കുന്നതിനൊപ്പം പ്രാദേശിക പ്ലാറ്റ്ഫോമുകളുടെ വികസനത്തിനും ഉപയോഗത്തിനും മുന്‍ഗണന നല്‍കുന്ന സമീപനം തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി രാജ്യത്തെ സുപ്രീം കൗണ്‍സില്‍ ഓഫ് സൈബര്‍ സ്‌പേസ് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം.

ഇറാനില്‍ ഹിജാബ് നിയമം ലംഘിച്ചെന്ന പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമീനി മരിച്ചതിനെ തുടര്‍ന്നുണ്ടായ വ്യാപക പ്രതിഷേധമാണ് 2022-ല്‍ ഇറാനില്‍ വാട്സാപ്പിന്റെയും ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെയും നിരോധനത്തിന് ഇടയാക്കിയത്.

28-Dec-2024