കെ മുരളീധരനെതിരെ കോൺഗ്രസ് നേതാക്കള്‍

ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന കെ മുരളീധരന്റെ വെളിപ്പെടുത്തലില്‍ നേതാക്കള്‍ക്ക് അതൃപ്തി. കെ മുരളീധരന്റെ പ്രസ്താവന അനവസരത്തിലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. അനാവശ്യ പ്രസ്താവനങ്ങളിലൂടെ മുരളീധരന്‍ വിവാദം ഉണ്ടാക്കുകയാണെന്നും വിമര്‍ശനമുണ്ട്.

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കെ മുരളീധരന്‍ നടത്തിയ പ്രസ്താവനകളും അനാവശ്യമായിരുന്നുവെന്ന് നേതാക്കള്‍ വിലയിരുത്തുന്നു. തിരഞ്ഞെടുപ്പ് സമയത്ത് മാത്രം കെ മുരളീധരന്‍ 14 വിവാദ പ്രസ്താവനകള്‍ നടത്തി. കെ മുരളീധരന്‍ സ്വയം നിയന്ത്രിക്കണമെന്നും നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ജമാഅത്ത ഇസ്‌ലാമിയുടെ പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കെ മുരളീധരന്‍ രംഗത്തെത്തിയത്. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ ലഭിച്ചു. 2019 മുതല്‍ ജമാഅത്തെയുടെ പിന്തുണ ദേശീയ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന് ലഭിക്കുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

29-Dec-2024