ഉമ തോമസ് എംഎൽഎ വെൻറിലേറ്ററിൽ തുടരുമെന്ന് മെഡിക്കൽ ബുള്ളറ്റിൻ
അഡ്മിൻ
ഉമ തോമസ് എംഎൽഎ വെൻറിലേറ്ററിൽ തുടരുമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഇന്ന് രാവിലെ നടത്തിയ സിടി സ്കാൻ പരിശോധനയിൽ തലയുടെ പരിക്കിൻറെ അവസ്ഥ കൂടുതൽ ഗുരുതരമായിട്ടില്ലെന്ന് റിനെ മെഡിസിറ്റി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.
അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെങ്കിലും നേരത്തെയുണ്ടായിരുന്നതിൽ നിന്ന് കാര്യമായ മാറ്റമുണ്ടെന്നും മെഡിക്കൽ സംഘം പറഞ്ഞു. ആന്തരിക രക്തസ്രാവം വർധിച്ചിട്ടില്ലെങ്കിലും ശ്വാസകോശത്തിലെ ചതവുകൾ അൽപ്പം കൂടിയിട്ടുണ്ട്. ശ്വാസകോശത്തിൻറെ ചതവിനായി ആൻറിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള ചികിത്സകൾക്കാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്.
വിശദമായി നടത്തിയ സ്കാനിൽ അൺഡിസ്പ്ലേസ്ഡ് സെർവിക്കൽ സ്പൈൻ ഫ്രാക്ചർ ഉണ്ടെങ്കിൽ കൂടി അടിയന്തരമായി ഇടപെടലുകൾ ആവശ്യമില്ല. വയറിൻറെ സ്കാനിലും കൂടുതൽ പ്രശ്നങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. രോഗിയുടെ വൈറ്റൽസ് സ്റ്റേബിൾ ആണെങ്കിലും ശ്വാസകോശത്തിന് ഏറ്റ ഗുരുതരമായ ചതവുകാരണം കുറച്ചു ദിവസം കൂടി വെൻറിലേറ്ററിൽ തുടരേണ്ട സാഹചര്യമുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.