ഏതുവിധത്തിലും കേരളത്തെ തകർക്കാമെന്ന ചിന്തയിലാണ് കേന്ദ്രസർക്കാർ പെരുമാറുന്നത്: മുഖ്യമന്ത്രി
അഡ്മിൻ
ദുരന്തബാധിതർക്കായുള്ള വയനാട്ടിലെ ടൗൺഷിപ്പിന് കേന്ദ്രം സഹായം തന്നില്ലെങ്കിലും സംസ്ഥാന സർക്കാർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയും ശത്രുതാ മനോഭാവവും കേരളം അതിജീവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിന് അഭിമാനിക്കാവുന്ന ഒട്ടേറേ പദ്ധതികൾ നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. കിഫ്ബിയടക്കം സർക്കാർ കൊണ്ടുവന്ന പദ്ധതികൾ തകർത്തതും കേന്ദ്രസർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് കോടിയേരി ബാലകൃഷ്ണൻ നഗറിൽ(കോന്നി കെഎസ്ആർടിസി ബസ് സ്റ്റാൻഡ്) ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഏതുവിധത്തിലും കേരളത്തെ തകർക്കാമെന്ന ചിന്തയിലാണ് കേന്ദ്രസർക്കാർ പെരുമാറുന്നത്. ജനങ്ങളുടെ പൂർണ സഹകരണത്തോടെ നവകേരളം സൃഷ്ടിക്കാൻ ഇടതുപക്ഷ സർക്കാർ പദ്ധതികളുമായി മുന്നോട്ടു പോകും. കിഫ്ബിയെ പുനരുജ്ജീവിപ്പിച്ച് കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കാൻ എൽഡിഎഫ് സർക്കാർ എല്ലാ ശ്രമവും നടത്തും.
സാമൂഹ്യക്ഷേമ പെൻഷൻ നിലവിൽ 1600 രൂപയാണ് നൽകുന്നത്. ഇതിനു വന്ന കുടിശ്ശിക നടപ്പുസാമ്പത്തിക വർഷം തീരുംമുമ്പ് കൊടുത്ത് തീർക്കും. അതിനുശേഷം എല്ലാ മാസവും തുടർച്ചയായി സാമൂഹ്യ ക്ഷേമ പെൻഷൻ നൽകും. 1600 രൂപയിൽ നിന്നും പെൻഷൻ ഉയർത്തണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും പ്രകൃതി ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. അവിടെയെല്ലാം ദിവസങ്ങൾക്കുള്ളിൽ കോടിക്കണക്കിന് രൂപ കേന്ദ്രസർക്കാർ സഹായം നൽകി. അവരൊന്നും ഒരു കണക്കും കൊടുക്കാതെയാണ് സഹായം അനുവദിച്ചത്. കേരളം ഈ രാജ്യത്തിന്റെ ഭാഗമല്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.