കേരളത്തെ മിനി പാകിസ്ഥാനെന്ന് വിളിച്ച നിതേഷ് റാണ മന്ത്രിസ്ഥാനത്ത് തുടരാൻ അർഹനല്ല: മുഖ്യമന്ത്രി
അഡ്മിൻ
കേരളത്തെ മിനി പാകിസ്ഥാനെന്ന് വിളിച്ച നിതേഷ് റാണ മന്ത്രിസ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘ്പരിവാറിന് കേരളത്തോടുള്ള അടിസ്ഥാന സമീപനമാണ് മഹാരാഷ്ട്ര മന്ത്രിയുടെ വാക്കുകളിൽ വെളിവാക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് കേരളത്തിനെതിരെ വിവാദ പരാമർശവുമായി നിതേഷ് റാണ രംഗത്തെത്തിയത്.
കേരളത്തെ മിനി പാകിസ്താനെന്ന് വിളിച്ച മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണയുടെ പ്രസ്താവന അത്യന്തം പ്രകോപനപരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തങ്ങൾക്ക് സ്വാധീനമുറപ്പിക്കാൻ പ്രയാസമുള്ള ഭൂപ്രദേശത്തെ അപരവത്കരിച്ചും വിദ്വേഷ പ്രചാരണങ്ങൾ നടത്തിയും ഒറ്റപ്പെടുത്തിക്കളയാമെന്നാണ് സംഘ്പരിവാർ കരുതുന്നത്. അതിനെ പിൻപറ്റിയാണ് ഇത്തരം പ്രസ്താവനകൾ വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം മിനി പാകിസ്ഥാൻ ആണെന്നാണ് മന്ത്രി നിതീഷ് റാണെയുടെ പരാമർശം. കേരളത്തിലെ എല്ലാ ഭീകരവാദികളും രാഹുലിനും പ്രിയങ്കയ്ക്കും വോട്ട് ചെയ്തുവെന്നും നിതീഷ് റാണെ വിമർശിച്ചു. പുണെയിൽ നടന്ന പൊതുയോഗത്തിലായിരുന്നു നിതീഷ് റാണെയുടെ പരാമർശം.
കേരളത്തെ മിനി പാകിസ്താനെന്ന് വിളിച്ച നിതീഷ് റാണെ പ്രിയങ്ക ഗാന്ധിക്ക് വോട്ട് ചെയ്തത് കേരളത്തിലെ തീവ്രവാദികൾ മാത്രമാണെന്നും കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയിച്ചത് അതിനാലാണെന്നും നിതീഷ് റാണെ പറഞ്ഞു.