കേരളത്തിൽ കലാപത്തിന് ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ പച്ചക്കൊടി

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനായി തന്ത്രികുടുംബവുമായും അമ്പലത്തിലെ മറ്റ് അധികൃതരുമായും ചര്‍ച്ച ചെയ്യാനുള്ള നീക്കത്തിന് ഇടംകോലിട്ട് ബി ജെ പിയും ആര്‍ എസ് എസ് സംഘപരിവാരവും. തന്ത്രികുടുംബം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ തയ്യാറായപ്പോള്‍ തന്ത്രിയെ ഭീഷണിപ്പെടുത്തിക്കൊണ്ട് ബി ജെ പി രംഗപ്രവേശം ചെയ്തു. ചെങ്ങന്നൂര്‍ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബി ജെ പി സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ ശ്രീധരന്‍പിള്ളയുടെ കൂടെ നിഴലുപോലെ സഞ്ചരിച്ചിരുന്ന ബി ജെ പി മണ്ഡലം നേതാവാണ് താഴമണ്‍ കുടുംബത്തിലെത്തി ഭീഷണി മുഴക്കിയത്. ഈ നീക്കത്തിന് പിന്നില്‍ ബി ജെ പി പ്രസിഡന്റ് അഡ്വ. ശ്രീധരന്‍പിള്ളയാണെന്നാണ് സൂചനകള്‍.

ബി ജെ പി പ്രസിഡന്റായിഅഡ്വ. ശ്രീധരന്‍പിള്ളയെ നിയോഗിച്ചപ്പോള്‍ ബി ജെ പി രാഷ്ട്രീയമായി മുരടിച്ച് നില്‍ക്കുകയായിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ അതിക്രമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും ജനങ്ങളെ ബി ജെ പിയില്‍ നിന്നും സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ നിന്നും അകറ്റുമ്പോഴാണ് സുപ്രീംകോടതി ശബരിമല വിധിയുമായി വന്നത്. ആര്‍ എസ് എസ് - ബി ജെ പി കേന്ദ്ര നേതൃത്വം ക്ഷേത്രത്തിലേക്ക് കൂടുതല്‍ വിശ്വാസികള്‍ എത്തുന്ന വിധിയെ സ്വാഗതം ചെയ്‌തെങ്കിലും കേരളത്തില്‍ ബി ജെ പി നേതൃത്വത്തില്‍ കടുത്ത വര്‍ഗീയ വികാരവും കമ്യൂണിസ്റ്റ് വിരുദ്ധതയും ഉല്‍പ്പാദിപ്പിക്കാനാണ് ശബരിമല വിധിയെ ഉപയോഗിച്ചത്.

ബി ജെ പി നേതൃത്വം കണക്കുകൂട്ടിയ വിധത്തില്‍ വിശ്വാസികളെ പ്രതിഷേധത്തിനായി ഇറക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കി സമരത്തിനായി സ്ത്രീകളടക്കമുള്ളവരെ രംഗത്തിറക്കുകയാണ്. വാഹനത്തിന്റെയും ഭക്ഷണത്തിന്റെയും ചിലവ് കൂടാതെ സ്ത്രീകള്‍ക്ക് 'സമരക്കൂലി'യും നല്‍കിയാണ് ബി ജെ പി നേതൃത്വം സര്‍ക്കാര്‍ വിരുദ്ധ വികാരം നിലനിര്‍ത്തുന്നത്. ആര്‍ എസ് എസ് കേന്ദ്ര നേതൃത്വം വിധിവന്നയുടന്‍ വിധിയെ സ്വാഗതം ചെയ്‌തെങ്കിലും ഇപ്പോള്‍ സംസ്ഥാന ബി ജെ പി നിലപാടിനൊപ്പമാണുള്ളത്. ബി ജെ പി പ്രസിഡന്റ് അഡ്വ. ശ്രീധരന്‍പിള്ളയാവട്ടെ സുപ്രീംകോടതി വിധിയെ ഒരു സുവര്‍ണാവസരമായി കണ്ട് കമ്യൂണിസ്റ്റ് വിരുദ്ധകലാപമടക്കമുള്ള പരിപാടികളാണ് ആവിഷ്‌കരിക്കുന്നത്. ആര്‍ എസ് എസ് പൂര്‍ണമായി സഹകരിച്ചാല്‍ അത് നടപ്പിലാക്കാന്‍ പറ്റുമെന്നാണ് ബി ജെ പി കണക്കുകൂട്ടുന്നത്. ബി ജെ പി കേന്ദ്രനേതൃത്വം ശബരിമല വിഷയം കത്തിക്കാന്‍ പ്രത്യേകഫണ്ട് ബി ജെ പി കേരള ഘടകത്തിന് അനുവദിച്ചു.

ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാര്‍ പ്രവര്‍ത്തകരെയും കുടുംബാംഗങ്ങളെയും നിര്‍ബന്ധിച്ച് തെരുവിലിറക്കി സര്‍ക്കാര്‍ വിരുദ്ധവികാരം ഉണ്ടാക്കാനുള്ള ബി ജെ പി ശ്രമം വ്യാപകമായി തുറന്നുകാട്ടപ്പെടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ടികളുമായി ചര്‍ച്ച ചെയ്യാന്‍ ബി ജെ പി തയ്യാറാവും. പ്രസിഡന്റ് അഡ്വ. ശ്രീധരന്‍പിള്ള എല്ലാ ദിവസവും ദേശീയാധ്യക്ഷന്‍ അമിത് ഷായുമായി വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. അമിതി ഷായുടെ നിര്‍ദേശപ്രകാരമാണ് കലാപത്തിലേക്ക് പോകാനുള്ള മുന്നൊരുക്കങ്ങള്‍ സംസ്ഥാന നേതൃത്വം കൈക്കൊള്ളുന്നത്.

08-Oct-2018