'ശ്രീനാരായണഗുരു മൈക്രോസൈറ്റ്' തയ്യാറാക്കാനൊരുങ്ങി ടൂറിസം വകുപ്പ്
അഡ്മിൻ
ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്കുന്നതിനു വേണ്ടി പ്രത്യേക മൈക്രോസൈറ്റ് രൂപീകരിക്കാനൊരുങ്ങി ടൂറിസം വകുപ്പ്. ശിവഗിരി തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥി-യുവജന സമ്മേളനത്തില്‍ സംസാരിക്കവെ മന്ത്രി പി എ മുഹമ്മദ് റിയാസാണ് പ്രഖ്യാപനം നടത്തിയത്. മൈക്രോ സൈറ്റ് ഒരുങ്ങുന്ന വിവരം ശിവഗിരിയില്‍ വച്ചു തന്നെ അറിയിക്കുവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് മന്ത്രി പ്രതികരിച്ചു.
ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങള്‍ ഉള്ളടക്കം ചെയ്ത വിവിധ ഭാഷകളില്‍ ഉള്ള മൈക്രോസൈറ്റ് ആണ് ടൂറിസം വകുപ്പ് സജ്ജമാക്കുക. ഗുരുവിനെ കുറിച്ച് അറിയാനും ഗുരുവിന്റെ നവോത്ഥാനപ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയാനും കഴിയുന്ന ഒന്നായി സൈറ്റിനെ വികസിപ്പിക്കും. ഗുരുദേവന് പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങള്‍, ആശ്രമങ്ങള്‍ തുടങ്ങിയവയെ കുറിച്ചും ഇതിലൂടെ ലോകത്തിന് കൂടുതല്‍ മനസിലാക്കാനാകും. ശിവഗിരി മഠത്തെ കുറിച്ചും തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഈ സൈറ്റില്‍ ഉള്‍പ്പെടുത്തും. ഒപ്പം ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കുന്നതിനും മൈക്രോസൈറ്റ് വഴി സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ശ്രീനാരായണ ഗുരു എന്തിനെതിരെയാണോ പോരാടിയത് അത് ഇപ്പോഴും സമൂഹത്തില്‍ തുടരണം എന്ന് ആഗ്രഹിക്കുന്നവര്‍ ഗുരുവിനെ തെറ്റായി വ്യാഖ്യാനിക്കുവാന്‍ ശ്രമിക്കുന്ന കാലം ആണ് ഇതെന്നും മന്ത്രി ചൂണ്ടികാട്ടി. അതുകൊണ്ടു തന്നെ ഗുരുവചനങ്ങളും ഗുരുവിന്റെ സന്ദേശങ്ങളും വീണ്ടും വീണ്ടും ഇവിടെ പറയുന്നത് കൂടുതല്‍ പ്രസക്തമാകുന്നു. 1916 ല്‍ തിരുവനന്തപുരം മുട്ടത്തറയില്‍ നടന്ന പുലയ സമാജത്തിന്റെ സമ്മേളനത്തില്‍ ഗുരു തന്റെ ആശയം കൃത്യമായി പറഞ്ഞിട്ടുണ്ട്.
'മനുഷ്യര്‍ ഒക്കെ ഒരു ജാതിയാണ്. അവരുടെ ഇടയില്‍ സ്ഥിതിഭേദമില്ലാതെ ജാതിഭേദം ഇല്ല '. മനുഷ്യ ജാതി എന്നതേ നിലനില്ക്കുന്നുള്ളൂ എന്ന് അവസരം കിട്ടിയപ്പോള്‍ എല്ലാം ശ്രീനാരായണ ഗുരു പ്രചരിപ്പിച്ചു. ''പലമതസാരവുമേകം'' എന്ന ഗുരുവിന്റെ വാക്കുകള്‍ തന്നെ എന്താണ് ഗുരു മുന്നോട്ടു വെച്ച സന്ദേശം എന്ന് വ്യക്തമാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
എല്ലാത്തിനേയും പരസ്പരം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശാലമായ മനസ്ഥിതി ആര്‍ജ്ജിക്കാനാണ് ഗുരു നിരന്തരം ഉപദേശിച്ചത്. ഇതിന് വിദ്യാഭ്യാസത്തെ വളരെ പ്രധാനപ്പെട്ട ആയുധമായി ഗുരു കരുതുന്നുണ്ട്. നവോത്ഥാനത്തിന്റെ ആദ്യഘട്ടത്തില്‍ പ്രതിഷ്ഠ നടത്തി ക്ഷേത്രങ്ങള്‍ സ്ഥാപിക്കുന്നതിന് ഗുരു മുന്നിട്ടിറങ്ങി. ക്ഷേത്രങ്ങളില്‍ പോകാന്‍ പോലും കീഴ്ജാതിക്കാര്‍ക്ക് അവകാശമില്ലാത്ത കാലത്താണ് ഗുരു ഈ വിപ്ലവത്തിന് നേതൃത്വം നല്‍കിയത്.
1917 ല്‍ ഗുരു വളരെ നിര്‍ണ്ണായകമായ മറ്റൊരു പ്രഖ്യാപനം നടത്തുന്നുണ്ട്. 'പ്രധാന ദേവാലയം വിദ്യാലയം ആയിരിക്കണം , പണം പിരിച്ചു വിദ്യാലയങ്ങള്‍ ഉണ്ടാക്കുവാനാണ് ഉത്സാഹിക്കേണ്ടത്, ഇനി ജനങ്ങള്‍ക്ക് വിദ്യാഭ്യാസം കൊടുക്കുവാന്‍ ശ്രമിക്കണം, അവര്‍ക്ക് അറിവുണ്ടാകട്ടെ , അതു തന്നെയാണ് അവരെ നന്നാക്കാനുള്ള മരുന്ന്'. ശ്രീനാരായണ ഗുരു വിദ്യാഭ്യാസത്തിന് നല്കിയ ഔന്നിത്യം ആണ് ഈ വാക്കുകളില്‍ പ്രകടമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
01-Jan-2025
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ