ശബരിമല : വിട്ടുവീഴ്ചയില്ലാതെ സിപിഐ എമ്മും പിണറായി സര്‍ക്കാരും

ശബരിമലയില്‍ ഏത് വയസിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയുമരുതെന്ന് സംസ്ഥാന സര്‍ക്കാരിന് സിപിഐ എം നിര്‍ദേശം. കേരളത്തിന്റെ ചരിത്രത്തില്‍ ഏത് അനാചാരം ഇല്ലാതാക്കുമ്പോഴും യാഥാസ്ഥിതികര്‍ എതിര്‍പ്പുമായി വന്നിട്ടുണ്ട്. അനാചാരത്തിന്റെ വക്താക്കളായി നിന്നവര്‍ പിന്നീട് മാറ്റത്തിന്റെ ഗുണഭോക്താക്കളായി മാറുകയും ചെയ്യും. എല്ലാ ഹിന്ദുക്കള്‍ക്കും ജാതി ലിംഗ ഭേദമില്ലാതെ ക്ഷേത്രപ്രവേശനം സാധ്യമാക്കിയ ക്ഷേത്രപ്രവേശന വിളംബരത്തെ പട്ടികജാതി-പിന്നോക്കവിഭാഗങ്ങളിലുള്ള ജനങ്ങള്‍ തന്നെ വലിയ രീതിയില്‍ എതിര്‍ത്തിട്ടുണ്ട്. വിളംബരം നടത്തി അഞ്ച് വര്‍ഷക്കാലം അവര്‍ ക്ഷേത്രത്തില്‍ കയറാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ക്ഷേത്രങ്ങളുടെ ഭരണ സമിതിയിലും ദേവസ്വം ബോര്‍ഡുകളിലും വരെ അവര്‍ സജീവമാണ്. അതുപോലെ സ്ത്രകളെ ശബരിമലയില്‍ കയറ്റാമെന്ന സുപ്രീംകോടതി വിധിയെ എതിര്‍ക്കുന്ന വിശ്വാസികളായ സ്ത്രീകള്‍ പിന്നീടൊരു കാലത്ത് തങ്ങളുടെ എതിര്‍പ്പ് തെറ്റായിരുന്നുവെന്ന് മനസിലാക്കുമെന്നാണ് സാമൂഹ്യ നിരീക്ഷകരും വിലയിരുത്തുന്നത്.

സ്ത്രീകള്‍ക്ക് തുല്യത ഉറപ്പുവരുത്തുന്ന ഏത് കാര്യത്തിനും പിന്തുണ നല്‍കി, ലിംഗസമത്വമെന്ന പ്രഖ്യാപിത നിലപാട് ഉയര്‍ത്തിപ്പിടിക്കാനാണ് സിപിഐ എം തീരുമാനം. അതിനാല്‍ ശബരമലയില്‍ നിന്നും അവര്‍ക്ക് ഒഴിഞ്ഞുമാരാന്‍ കഴിയില്ല. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ക്ഷേത്രങ്ങളില്‍ പട്ടികജാതി വിഭാഗത്തിലുള്ളവരെ പൂജാരിമാരാക്കിയപ്പോള്‍ വലിയ എതിര്‍പ്പ് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കും ബ്രാഹ്മണ പൗരോഹിത്യത്തിനും ഉണ്ടായിരുന്നു. അതിനെ മുഖവിലക്കെടുക്കാതെ മുന്നോട്ടുപോയ പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള അവസരമായി ശബരിമല വിഷയത്തെ എടുക്കണമെന്നാണ് ബ്രാഹ്മണ പൗരോഹിത്യത്തിന്റെ നിലപാട്.

വിശ്വാസികളെന്നുള്ള ലേബലില്‍ പ്രതിഷേധത്തിനായി അണിനിരക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരെയും അവരുടെ അജണ്ടകളെയും തുറന്നുകാട്ടി, ഭൂരിപക്ഷം വരുന്ന യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് വേണ്ടി നടപടികളുമായി മുന്നോട്ടുപോകാനാണ് ഈ വിഷയത്തില്‍ സിപിഐ എം നിലപാട്.      

08-Oct-2018