നാടിന്റെ ഒരുമ തകര്‍ക്കാന്‍ ആസൂത്രിത ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
അഡ്മിൻ
നാടിന്റെ ഒരുമ തകര്‍ക്കാന്‍ ആസൂത്രിത ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രളയകാലത്ത് കണ്ട മതേതര ഐക്യമാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. മന്നത്ത് പത്മനാഭന്റെ നവോത്ഥാന ഇടപെടല്‍ ഈ ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. സമുദായത്തിനുള്ളിലെ അനാചാരങ്ങള്‍ക്കെതിരെയും മന്നത്ത് പത്മനാഭന് പോരാടി. നവോത്ഥാന പ്രസ്ഥാനങ്ങള്‍ സ്ത്രീജീവിതത്തില് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കാനാകില്ല. ഏതു വിധിയായാലും നടപ്പാക്കുമെന്ന സത്യവാങ്മൂലം സര്‍ക്കാര്‍ നല്‍കിയിരുന്നു. ആ നിലപാടു സ്വീകരിച്ച സര്‍ക്കാര്‍ എങ്ങനെ പുനഃപരിശോധന ഹര്‍ജി നല്‍കും. അതു കോടതിക്കു നല്കിയ ഉറപ്പിനു വിരുദ്ധമാകും. തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ആരുമായും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാണ്. തുല്യതയാണു സര്‍ക്കാര്‍ നിലപാട്. വിശ്വാസികളുമായി ഏറ്റുമുട്ടുക എന്നതു സര്‍ക്കാര്‍ നയമല്ല. എന്നാല്‍ രാഷ്ട്രീയപ്രേരിതമായി സംഘര്ഷമുണ്ടാക്കുന്നവര്ക്കു മുന്നില്‍ കീഴടങ്ങില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആചാരങ്ങളില്‍ ഇടപെടേണ്ടെന്ന ധാരണ ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നു. അതുമാറി ഇടപെടണമെന്ന തീരുമാനം ദേശീയ പ്രസ്ഥാനങ്ങളെടുത്തു. അതിന്റെ ഫലമാണു വൈക്കം സത്യാഗ്രഹം ഉള്‍പ്പെടെയുള്ളവ. നവോത്ഥാന പ്രസ്ഥാനങ്ങള്‍ സ്ത്രീ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി. കോടതിവിധിയെയും കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തേയും കൂട്ടിവായിക്കരുതെന്നും പിണറായി വിജയന് ആവശ്യപ്പെട്ടു.
ശബരിമല വിധിക്കു കാരണം എല്‍ഡിഎഫ് സര്‍ക്കാരല്ല. കേരളത്തിന്റെ ചരിത്രം കൂടി വിലയിരുത്തിവേണം വിധിയെ കാണാന്‍. സര്‍ക്കാര്‍ നിലപാടല്ല സുപ്രീംകോടതി വിധിയിലേക്ക് എത്തിച്ചത്. മാസപൂജകള്‍ക്കു പ്രായ വ്യത്യാസമില്ലാതെ സ്ത്രീകള്‍ വരാറുണ്ടായിരുന്നു. ഹൈക്കോടതിയിലെ കേസില്‍ ഈ വാദം ഉയര്‍ന്നിരുന്നുവെന്നും പിണറായി വിജയന് പറഞ്ഞു. കേരളം മുന്നേറിയത് നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെയാണ്. സവര്‍ണ മേധാവിത്വം തകര്‍ത്താണ് നവോത്ഥാനം മുന്നേറിയത്. വൈക്കം സത്യാഗ്രഹം രാജ്യത്തിന് തന്നെ മാതൃകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.