ശോഭാ സുരേന്ദ്രനോട് ഹാജരാകാൻ കോടതി ഉത്തരവ്

ഗോകുലം ഗോപാലൻ നൽകിയ അപകീർത്തി കേസിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനോട് ഹാജരാകാൻ കോടതി ഉത്തരവ്. മാർച്ച് 28ന് ഹാജരാകാനാണ് തൃശൂർ സിജെഎം ഒന്നാം കോടതിയുടെ ഉത്തരവ്. ഗോകുലം ഗോപാലിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്. പണം നൽകി തന്നെ സ്വാധീനിക്കാൻ കോടീശ്വരനായ ചാനൽ ഉടമ ശ്രമിച്ചെന്നായിരുന്നു ശോഭ സുരേന്ദ്രന്‍റെ ആരോപണം.

ആരോപണങ്ങളോട് പ്രതികരിച്ച് ​ഗോകുലം ​ഗോപാലൻ രം​ഗത്തെത്തിയിരുന്നു. തന്‍റെ പേരിൽ ഭീഷണിപ്പെടുത്തിയ ആളുടെ പേര് ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തണമെന്ന് ​ഗോ​കുലം ​ഗോപാലൻ ആവശ്യപ്പെട്ടു.

ഒരു രാഷ്ട്രീയ പ്രവർത്തനങ്ങളിലും താൻ ഇടപെടാറില്ല. വ്യക്തിഹത്യ നടത്താൻ വേണ്ടിയാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ. ശോഭാ സുരേന്ദ്രനുമായി നല്ല ബന്ധമാണുള്ളത്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആവർത്തിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും ഗോകുലം ഗോപാലൻ പ്രതികരിച്ചിരുന്നു.

04-Jan-2025