ദിവ്യ ഉണ്ണിക്കെതിരെ രൂക്ഷ വിമർശവുമായി നടി ഗായത്രി വർഷ. കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എംഎൽഎ ഉമാ തോമസിനെ കാണാൻ ദിവ്യ ഉണ്ണി തയ്യാറായില്ലെന്ന് ഗായത്രി വർഷ വിമർശിച്ചു.
സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ പോലും ദിവ്യയ്ക്ക് മനസുണ്ടായില്ല. മാധ്യമങ്ങൾ ആദ്യഘട്ടത്തിൽ സംഘാടകരുടെ പേര് മറച്ചുവച്ചു. കലാ പ്രവർത്തനങ്ങൾ കച്ചവട മാധ്യമങ്ങളായി മാറിയെന്നും അതിന്റെ ഭാഗമായിരുന്നു കൊച്ചിയിൽ നടന്ന ഗിന്നസ് പരിപാടി.
ഇതിനോട് കേരളീയ സമൂഹവും, സോഷ്യൽ മീഡിയ സമൂഹവും മൗനം പാലിച്ചു. ദിവ്യ ഉണ്ണിയും കച്ചവട കലാപ്രവർത്തനത്തിന്റെ ഇരയായെന്നും ഗായത്രി വിമർശിച്ചു. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനത്തിലായിരുന്നു നടിയുടെ വിമർശനം.
അതേസമയം കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് വേൾഡ് റെക്കോഡ് ലക്ഷ്യമിട്ടുള്ള നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നൽകിയത് 5 ലക്ഷം രൂപയാണ്. സംഘാടകരുടെ അക്കൗണ്ട് പരിശോധനയിലൂടെയാണ് ഈ വിവരം പോലീസിന് ലഭിച്ചത്. കൂടുതൽ പണം നൽകിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. അമേരിക്കയിലേക്ക് തിരിച്ചുപോയ നടി ദിവ്യ ഉണ്ണിയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്താനാണ് തീരുമാനം.