കൊച്ചി മാതൃകയിൽ കൊല്ലം ഉൾപ്പെടെ ഈ 18 ഇടങ്ങളിൽ വാട്ടർ മെട്രോ പദ്ധതി

കേരളത്തിൻ്റെ ഐടി നഗരമായ കൊച്ചിയുടെ ഗതാഗതത്തിൻ്റെ പ്രധാന പങ്കുവഹിക്കുന്ന സംവിധാനമാണ് കൊച്ചി മെട്രോ. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് മെട്രോ എത്തിക്കാനുള്ള ആലോചനകൾ തുടരുകയാണ്. ഐടി പാർക്കായ ഇൻഫോപാർക്കിലേക്ക് വൈകാതെ കൊച്ചി മെട്രോ ഓടിയെത്തും. പ്രധാന സ്റ്റേഷനുകളിലൊന്നായ ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷനിൽ നിന്ന് കാക്കനാട് വഴി ഇൻഫോപാർക്കുവരെ നീളുന്നതാണ് പുതിയ റൂട്ട്.

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിലാണ് ഇൻഫോപാർക്കിലേക്ക് മെട്രോ എത്തുക. 2026ൽ രണ്ടാംഘട്ട നിർമാണങ്ങൾ പൂർത്തിയാകും. ഇൻഫോപാർക്കിനുള്ളിൽ മെട്രോ സ്റ്റേഷൻ ഉണ്ടാകും. ഇൻഫോപാർക്കിലെ ഐടി ജീവനക്കാർ ഉൾപ്പെടെയുള്ള യാത്രക്കാർക്കായി ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കാനുള്ള ഒരുക്കം അതിവേഗത്തിലാണ്. ലാസ്റ്റ്‌മൈല്‍, ഫസ്റ്റ്‌മൈല്‍ കണക്ടിവിറ്റി കൂട്ടി പ്രതിദിന യാത്രക്കാരെ കൂടുതൽ ആകർഷിക്കാനായി 15 ഇലക്ട്രിക് ബസുകളുടെ സര്‍വീസ് ഉടനെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചുകഴിഞ്ഞു.

ഇന്‍ഫോ പാര്‍ക്കിലേക്കുള്ള പുതിയ മെട്രോ പാതയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. മൂന്നാം ഘട്ടമായി അങ്കമാലിയിലേക്ക് മെട്രോ സേവനം വ്യാപിപ്പിക്കാനുള്ള പദ്ധതിയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കാനുള്ള കേന്ദ്ര അനുമതി ലഭിച്ചിരുന്നു. കൊച്ചി മെട്രോയുടെ വിജയത്തിന് പിന്നാലെ വാട്ടർ മെട്രോ സർവീസ് വ്യാപിക്കുകയാണ്. കൊച്ചി വാട്ടർ മെട്രോയിലൂടെ ഇതുവരെ 35 ലക്ഷം യാത്രക്കാർ സഞ്ചരിച്ചുവെന്നാണ് കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കുന്നത്. എറണാകുളം, മട്ടാഞ്ചേരി വാട്ടര്‍ മെട്രോ ടെര്‍മിനലുകള്‍ ഈ വര്‍ഷം പൂര്‍ത്തിയാം. ഈ വര്‍ഷം 15 ബോട്ടുകള്‍ക്കുള്ള ഓര്‍ഡര്‍ കൂടി നല്‍കും.

കൊച്ചി വാട്ടർ മെട്രോ മാതൃകയിൽ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട്. കൊച്ചിക്ക് പുറമേ കൊല്ലത്താണ് വാട്ടർ മെട്രോ സംവിധാനം സജീവ ചർച്ചയിലുള്ളത്. കൊല്ലം അഷ്ടമുടിക്കായലിൽ പദ്ധതി എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.


രാജ്യത്തെ പതിനെട്ട് ഇടങ്ങളിലാണ് വാട്ടർമെട്രോ ആരംഭിക്കാൻ കേന്ദ്ര സർക്കാർ സാധ്യത തേടുന്നത്. ഈ പട്ടികയിൽ കൊല്ലം ഉൾപ്പെടുന്നുണ്ട്. അഹമ്മദാബാദ് - സബര്‍മതി, സുററ്റ്, മംഗലാപുരം, അയോധ്യ, ധുബ്രി, ഗോവ, ഗോഹത്തി, കൊച്ചി, കൊല്ലം, കൊല്‍ക്കത്ത, പട്ന, പ്രയാഗ്‌രാജ്, ശ്രീനഗര്‍, വാരണാസി, മുംബൈ, വാസായ്, ലക്ഷദ്വീപ്, ആന്തമാന്‍ എന്നിവിടങ്ങളിലാണ് വാട്ടര്‍ മെട്രോയ്ക്കുള്ള സാധ്യത കേന്ദ്ര സർക്കാർ പരിഗണിക്കുന്നത്.

04-Jan-2025