ഐ.ഐ.ടിയിലെ കമ്പ്യൂട്ടർ ലാബിന് തീയിട്ട് അജ്ഞാതർ; കമ്പ്യൂട്ടറും പ്രൊജക്ടറും കത്തി നശിച്ചു
അഡ്മിൻ
ബോംബൈ ഐ.ഐ.ടിയിലെ കമ്പ്യൂട്ടർ ലാബിന് തീയിട്ട് അജ്ഞാതർ. കമ്പ്യൂട്ടറുകളും പ്രൊജക്ടറും എ.സിയും ഉൾപ്പെടെ നിരവധി ഉപകരണങ്ങൾ കത്തിനശിച്ചു. ആറ് കമ്പ്യൂട്ടറുകളും നാല് ചെയറുകളും പ്രൊജക്ടറും സ്ക്രീനും രണ്ട് എ.സികളും കത്തിനശിച്ചുവെന്നാണ് കണ്ടെത്തൽ. ഡിസംബർ 31ാം തീയതി രാത്രിയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ആകെ 1.50 ലക്ഷം കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
മണ്ണെണ്ണ പോലുള്ള വസ്തു ഉപയോഗിച്ചാണ് ലാബിൽ തീയിട്ടതെന്നാണ് പ്രാഥമിക നിഗമനം. ഐ.ഐ.ടിയിലെ പി.എച്ച്.ഡി വിദ്യാർത്ഥിയാണ് കമ്പ്യൂട്ടർ ലാബിൽ നിന്നും പുക ഉയരുന്നത് ആദ്യം കണ്ടത്. ഉടൻ തന്നെ വിദ്യാർത്ഥി ഇക്കാര്യം അധ്യാപകൻ ചന്ദ്രശേഖർ ത്യാഗരാജനെ അറിയിച്ചു. ത്യാഗരാജനും മറ്റ് വിദ്യാർഥികളും സുരക്ഷാജീവനക്കാരും സംഭവസ്ഥലത്തേക്ക് എത്തി.
ഫയർഫോഴ്സ് എത്തി തീയണച്ചെങ്കിലും കമ്പ്യൂട്ടറുകളും എ.സിയും കത്തിനശിച്ചിരുന്നു. ബോംബെ ഐ.ഐ.ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ് സംഹിതയിലെ സെക്ഷൻ 326(എഫ്) പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.