പിവി അൻവറിന്‍റെ യുഡിഎഫ് പ്രവേശനം തള്ളാതെ എംഎം ഹസ്സൻ

പിവി അൻവറിന്‍റെ യുഡിഎഫ് പ്രവേശനം തള്ളാതെ കണ്‍വീനര്‍ എംഎം ഹസ്സൻ രംഗത്ത്.അൻവറിന്‍റെ കാര്യത്തിൽ യുഡിഎഫ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.അൻവറിന് ആഗ്രഹമുണ്ടെങ്കിൽ ഔദ്യോഗികമായി അറിയിക്കാം അപ്പോൾ ചർച്ച ചെയ്യും.യുഡിഎഫ് യോഗം ചേരുമ്പോൾ ഏതെങ്കിലും കക്ഷി അൻവറിനെ മുന്നണിയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ടാൽ ഇക്കാര്യം ചർച്ച ചെയ്യും.

ഒരു കുറ്റവാളി എന്നപോലെ അൻവറിനെ വീട് വളഞ്ഞു പിടികൂടിയതിൽ UDF ന് പ്രതിഷേധമുണ്ട്.അത് പ്രകടിപ്പിച്ചിട്ടുണ്ട്. മത നേതാക്കൾ അഭിപ്രായം പറയുന്നതിനോട് പ്രതികരിക്കാൻ ഇല്ല. ആവശ്യത്തിലധികം പ്രതികരിച്ചു കഴിഞ്ഞിട്ടുണ്ട് ഇനി പ്രതികരിച്ചു വിവാദമുണ്ടാക്കാൻ ഇല്ല.മുന്നണി വിപുലീകരണ ചർച്ചകൾ നടക്കുന്നത് തെരഞ്ഞെടുപ്പിന് സമയമാകുമ്പോഴാണ്.

കേരള കോൺഗ്രസ് യുഡിഎഫിലേക്ക് വരുമെന്നത് മാധ്യമങ്ങൾ മാത്രം ചർച്ച ചെയ്യുന്നതാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ച് ഒരു ചർച്ചയും ഇതുവരെ നടന്നിട്ടില്ല. കോൺഗ്രസിൽ നിരവധി പേർ മുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു

ഉപതെരഞ്ഞെടുപ്പ് കാലത്ത് സഖ്യത്തിന് ധാരണയായെങ്കിലും അൻവറിന്‍റെ ഉപാധികളിൽ എല്ലാം പൊളിയുകയായിരുന്നു. ചേലക്കരയിൽ അൻവർ സ്ഥാനാർത്ഥിയെ നിർത്തിയതോടെ അകൽച്ച അതിരൂക്ഷമായി.

അൻവറിനെ ഉടൻ മുന്നണിയുടെ ഭാഗമാക്കിയാൽ ഇനിവരുന്ന വിവാദങ്ങളുടേയും കേസുകളുടേയും ബാധ്യത കൂടി ഏറ്റെടുക്കേണ്ടിവരുമെന്ന പ്രശ്നം പലരും ഉയർത്തുന്നു. പക്ഷെ മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്ന അൻവറിനെ വറുതെ പുറത്ത് നിർത്തണോ എന്ന വാദമുണ്ട്. അൻവറിന്‍റെ നിലപാടും തുടർചർച്ചകളുമനുസരിച്ചാകും ഒരുമിച്ച് പോകലിൽ അന്തിമതീരുമാനം

07-Jan-2025