ശബരിമല സ്‌ത്രീ പ്രവേശന ഹർജി നല്‍കിയത് സംഘപരിവാർ; ബിജെപി സമരത്തിന്റെ കാപട്യം പുറത്തായി
അഡ്മിൻ
ന്യൂഡൽഹി : ശബരിമല ക്ഷേത്രത്തിൽ പ്രായഭേദമെന്യേ സ‌്ത്രീപ്രവേശമാവശ്യപ്പെട്ട‌് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത് സംഘപരിവാര്‍ പ്രവർത്തകർ. സ‌്ത്രീപ്രവേശം ആവശ്യപ്പെട്ട‌് 2006 ജൂലൈ 28ന‌് സുപ്രീംകോടതിയിൽ ഹർജി നൽകിയ അഞ്ച‌് വനിതാ അഭിഭാഷകർ ആർഎസ‌്എസ‌്, ബിജെപി, വിഎച്ച‌്പി സംഘടനകളുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ‌്. ഇതോടെ ശബരിമല വിഷയത്തില്‍, ആർഎസ‌്എസും ബിജെപിയും നടത്തുന്ന സമരത്തിന്റെ കാപട്യവും നിലപാടിലെ ഇരട്ടത്താപ്പും വെളിപ്പെട്ടു.
ഇന്ത്യൻ യങ‌് ലോയേഴ‌്സ‌് അസോസിയേഷൻ സെക്രട്ടറി ഭക്തി പസ്രീജ സേഥി, പ്രേരണകുമാരി, ലക്ഷ‌്മി ശാസ‌്ത്രി, അൽക്കശർമ, സുധപാൽ എന്നിവരാണ‌് 12 വർഷം നീണ്ട കേസിനാധാരമായ ഹർജി നൽകിയത‌്. താനും ഭർത്താവും ആർഎസ‌്എസ‌് ബന്ധമുള്ളവരാണെന്ന‌് പ്രേരണകുമാരി മാധ്യമങ്ങളോട‌് സമ്മതിച്ചു.
സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ സംഘപരിവാർ ആശയങ്ങളുടെ തീവ്രവക്താവായ പ്രേരണകുമാരിയുടെ ഭർത്താവ‌് സിദ്ധാർഥ‌് ശംഭു ആർഎസ‌്എസിന്റെയും ബിജെപിയുടെയും സജീവപ്രവർത്തകനാണ‌്. സിദ്ധാർഥ‌് ശംഭു ബിജെപി അധ്യക്ഷൻ അമിത‌് ഷായോടൊപ്പം വേദി പങ്കിടുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു. ഹരിയാന റോത്തക്ക‌് സ്വദേശിയായ ഭക്തി സേഥിയും സംഘപരിവാറിന്റെയും മോഡിസർക്കാരിന്റെയും വക്താവാണ‌്. ഭക്തി സേഥിയുടെ കുടുംബത്തിനും ആർഎസ‌്എസ‌് ബന്ധമുണ്ട‌്.
കേസ‌് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ, ലിംഗം, മതവിശ്വാസം, ജാതി എന്നിവ കണക്കിലെടുക്കാതെ ക്ഷേത്രത്തിൽ എല്ലാവർക്കും പ്രവേശനം നൽകണമെന്ന‌് ആർഎസ‌്എസ‌് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി വ്യക്തമാക്കിയിരുന്നു. ആർഎസ‌്എസിന്റെ മുതിർന്ന പ്രചാരകനായ രംഗഹരി യുവതികളെ ശബരിമല ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്ന‌് സംഘപരിവാർ പ്രസിദ്ധീകരണമായ കേസരിയിൽ ലേഖനപരമ്പരതന്നെ എഴുതി. ആർഎസ‌്എസ‌് അഖിലേന്ത്യ ബൗദ്ധിക‌് പ്രമുഖായ രംഗഹരി കാളിദാസകൃതികളും മഹാഭാരതവും ഉദ്ധരിച്ചാണ‌് വാദങ്ങൾ നിരത്തിയത‌്. എന്നാല്‍, വിധി വന്നശേഷം ആർഎസ‌്എസ‌് നിലപാട‌് പടിപടിയായി മാറ്റി.
ജയമാല വിവാദത്തെ തുടർന്നാണ‌് ശബരിമലയിൽ സ‌്ത്രീപ്രവേശം ആവശ്യപ്പെട്ട‌് ഹർജി നൽകാൻ തീരുമാനിച്ചതെന്ന‌് പ്രേരണകുമാരി ആവർത്തിക്കുന്നു. ഇപ്പോഴത്തെ കോടതിവിധി അംഗീകരിക്കുന്നതായും അവർ പറഞ്ഞു. ആർഎസ‌്എസുമായി അടുത്ത ബന്ധമുള്ള പ്രേരണകുമാരി ഇത്തരമൊരു വിഷയത്തിൽ സ്വയംപ്രേരിതയായി മുന്നിട്ടിറങ്ങുമെന്ന വാദം വിശ്വസനീയമല്ല.
ഈ ഹർജികളിൽ സുപ്രീംകോടതി വിശദമായി വാദംകേട്ടാണ‌് പ്രായഭേദമെന്യേ സ‌്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന വിധി വന്നതും.