കോണ്‍ഗ്രസ് നേതാക്കളുടെ മുഖ്യമന്ത്രി സ്ഥാനമോഹ ചര്‍ച്ചകളെ പരിഹസിച്ച് ശശി തരൂര്‍

കേരളത്തില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കവെ പ്രതിപക്ഷ പ്രവര്‍ത്തനങ്ങളിലെ അലസതയില്‍ പൊതുവെ വ്യാപക വിമര്‍ശനം ഉയരുമ്പോഴും മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ തകൃതിയിലാണ് നടക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെക്കാല്‍ പ്രാധാന്യം മുഖ്യമന്ത്രി കസേര ചര്‍ച്ചകള്‍ക്കാണെന്നിരിക്കെ പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ വിമര്‍ശനവും ഉയരുന്നുണ്ട്. കെട്ടിടം പണി പൂര്‍ത്തിയാകുന്നതിന് മുമ്പ് ഫര്‍ണീച്ചര്‍ വാങ്ങണോയെന്ന പരിഹാസം ഉയര്‍ത്തുന്നത് കോണ്‍ഗ്രസിന്റെ തന്നെ മുതിര്‍ന്ന നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരാണ്.

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചര്‍ച്ചകള്‍ തീര്‍ത്തും അനാവശ്യമെന്ന് ശശി തരൂര്‍ എംപി തിരുവനന്തപുരത്ത് പറഞ്ഞു. ആദ്യം കെട്ടിടം നിര്‍മ്മിച്ച് പൂര്‍ത്തിയാകട്ടെ എന്നിട്ട് ഫര്‍ണിച്ചര്‍ വാങ്ങാമെന്നാണ് ശശി തരൂര്‍ പരിഹാസരൂപേണ പറഞ്ഞത്. തിരുവനന്തപുരത്ത് സത്യസായി ബാവ ശതാബ്ദിയാഘോഷത്തില്‍ സംസാരിക്കവെയായിരുന്നു സ്വന്തം പാര്‍ട്ടിയിലെ കസേര ചര്‍ച്ചകളെ തരൂര്‍ പരിഹാസരൂപേണ വിമര്‍ശിച്ചത്.

11-Jan-2025