ഉത്തർപ്രദേശിൽ നിർമാണത്തിലിരുന്ന റെയിൽവേ സ്റ്റേഷൻ തകർന്നു വീണു
അഡ്മിൻ
ഉത്തർപ്രദേശിലെ കനൗജ് റെയിൽവേ സ്‌റ്റേഷനിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് ഇരുപത് തൊഴിലാളികൾക്ക് പരുക്ക്. ആറ് പേരുടെ നില ഗുരുതരമാണ്. അമൃത് ഭാരത് പദ്ധതിയുടെ കീഴിൽ റെയിൽവേ സ്‌റ്റേഷൻ്റെ പുതിയ ടെർമിനലിൻ്റെ നിർമാണത്തിനിടെയാണ് അപകടമുണ്ടായത്.
അപകടസമയത്ത് 35 തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടായിരുന്നു. മുഴുവൻ തൊഴിലാളികളെയും രക്ഷപ്പെടുത്തിയതായി സാമൂഹ്യക്ഷേമ സഹമന്ത്രി അസിം അരുൺ പറഞ്ഞു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
കോൺക്രീറ്റിനായുള്ള തട്ട് തകർന്നാണ് അപകടം ഉണ്ടായത്. ഒരാൾ മരത്തടിയുമായി സ്കാർഫോൾഡിംഗ് ഫ്രെയിമിന് ചുറ്റും നടക്കുന്നതും അപകടം നടന്ന ഉടനെ അയാൾ ചാടി രക്ഷപെടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. തട്ടിന് മുകളിൽ കോൺക്രീറ്റ് ഇട്ടയുടൻ തകർന്നുവീഴുകയായിരുന്നുവെന്ന് രക്ഷപെട്ട തൊഴിലാളികൾ പറഞ്ഞു. സംസ്ഥാന പോലീസ്, ഫയർഫോഴ്സ്, ദേശീയ ദുരന്ത നിവാരണ സേന എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. നിർമാണ കമ്പനി അധികൃതരെയും റെയിൽവേ ഉദ്യോഗസ്ഥരേയും പ്രാഥമികമായി ചോദ്യം ചെയ്തു. സംഭവത്തിൽട്ടിമറി സാധ്യത ഇല്ലായെന്ന് കാൺപൂർ കമ്മീഷണർ കെ വിജയേന്ദ്ര പാണ്ഡ്യൻ പറഞ്ഞു.