കേരളത്തിലെ കോൺഗ്രസിലെ ഭിന്നതയിൽ ഹൈക്കമാൻഡിന് അതൃപ്തി

സംസ്ഥാനത്തെ നേതാക്കൾക്കിടയിലെ ഭിന്നതയിൽ കോൺ​ഗ്രസ് ഹൈക്കമാൻഡിന് അതൃപ്തി. പുനഃസംഘടന വൈകുന്നത് ഭിന്നത കാരണമെന്നും ഹൈക്കമാൻഡിൻ്റെ വിമർശനം. രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിയതിലും ദേശീയ നേതൃത്വം അതൃപ്തിയിലാണ്.

ഇന്നലെ എത്തിയ കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി സംസ്ഥാന നേതാക്കളെ കാണാതെ മടങ്ങി. ഇന്ന് രാവിലെയാണ് ദീപാദാസ് മുൻഷി മടങ്ങിയത്.

രാഷ്ട്രീയ സമിതിയിൽ പങ്കെടുക്കാനായിരുന്നു ദീപദാസ് മുൻഷി കേരളത്തിലെത്തിയത്. രാഷ്ട്രീയകാര്യ സമിതിയി യോ​ഗം മാറ്റിവെച്ചതിനെ തുടർന്നായിരുന്നു ദീപദാസ് മുൻഷി കേരളത്തിലെ നേതാക്കളെ കാണാതെ ഡൽഹിയിലേയ്ക്ക് മടങ്ങിയത്.

സംസ്ഥാനത്തെ പാർട്ടിയെ സംബന്ധിച്ച് അതിനിർണ്ണായകമായ യോ​ഗത്തിൽ പങ്കെടുക്കാൻ പോലും നേതാക്കൾ തയ്യാറാകത്തതിനെ ​ഗൗരവത്തോടെയാണ് ദേശീയ നേതൃത്വം കാണുന്നത്. സംസ്ഥാന നേതാക്കളുടെ സമീപനത്തിൽ ദേശീയ നേതൃത്വം കടുത്ത അതൃപ്തിയിലാണ്. ദേശീയ നേതൃത്വത്തിൻ്റെ അറിവോ സമ്മതമോ ഇല്ലാതെ യോ​ഗം മാറ്റിയതും അതൃപ്തിയ്ക്ക് വഴിവെച്ചിട്ടുണ്ട്.

എറണാകുളം-അങ്കമാലി അതിരൂപത മെത്രാപൊലീത്തന്‍ വികാരിയായി ജോസഫ് പാംപ്ലാനി ചുമതലയേറ്റു
നേതാക്കളുടെ അസൗകര്യം മൂലം രാഷ്ട്രീയകാര്യ സമിതി യോ​ഗം മാറ്റിയെന്നാണ് ഔദ്യോ​ഗിക വിശദീകരണം. പ്രധാനപ്പെട്ട നേതാക്കളാരും തിരുവനന്തപുരത്തില്ലെന്നും ഓൺലൈനായി യോ​ഗത്തിൽ പങ്കെടുക്കാമെന്ന് അറിയിച്ചിരുന്നെന്നുമാണ് കെപിസിസി പറയുന്നത്.

എന്നാൽ നേതാക്കൾ തമ്മിലുള്ള അസ്വാരസ്യവും പിണക്കവുമാണ് യോ​ഗം മാറ്റാനുള്ള കാരണമെന്നാണ് സൂചന. തദ്ദേശതിരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കവും പുനഃസംഘടനയും വിശദമായ ചർച്ച ചെയ്യുക എന്നതായിരുന്നു നിർണായക രാഷ്ട്രീയകാര്യ സമിതി യോ​ഗത്തിൻ്റെ അജണ്ട.

12-Jan-2025