കോൺഗ്രസും ബിജെപിയും പിന്തുടരുന്നത് ഒരേ നയം: മുഖ്യമന്ത്രി
അഡ്മിൻ
സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അകറ്റിനിർത്തേണ്ട വർഗീയ ശക്തികളെ യുഡിഎഫ് കൂടെ കൂട്ടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസും ബിജെപിയും പിന്തുടരുന്നത് ഒരേ നയമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.
കോൺഗ്രസ് കേന്ദ്ര സർക്കാറിൻ്റെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്യുന്നില്ല. അവർക്ക് ചോദ്യം ചെയ്യാനാകില്ല. കാരണം മോദി തുടരുന്നത് കോൺഗ്രസ് കൊണ്ടുവന്ന നയങ്ങളാണ്. അതായത് ഫലത്തിൽ ഇരുവരുടെയും നയം ഒന്നാണ്. അകറ്റിനിർത്തേണ്ട വർഗീയ ശക്തികളെ യുഡിഎഫ് കൂടെക്കുട്ടുകയാണ്. വർഗീയ ശക്തികൾക്ക് കേരളത്തിൽ അഴിഞ്ഞാടാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്താൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കെതിരെ ആരുടെ ഭാഗത്ത് നിന്ന് തെറ്റായ പ്രവണത ഉണ്ടായാലും അവരെ നേരിടും. സ്ത്രീകളോട് നോക്കിലോ വാക്കിലോ തെറ്റായ രീതി പാടില്ല. ഭൂരിപക്ഷ വർഗീയതക്കെതിരെ ന്യൂനപക്ഷ വർഗീയത ശക്തിപ്പെടുന്നുണ്ട്. ഇത് ഫലത്തിൽ ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതാണ്. രണ്ടും ഒരുപോലെ അപടകരമാണ്. രണ്ടും ഇവിടെ വേണ്ടെന്നും ഇടതുപക്ഷം ഇതിനെ എതിർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫ് നാല് വോട്ടിനായാണ് വർഗീയതയെ കൂട്ടുപിടിക്കുന്നത്. നേമത്ത് നിന്ന് ബിജെപി ജയിച്ചത് തൊട്ടടുത്ത മണ്ഡലത്തിലെ കോൺഗ്രസ് ധാരണ പ്രകാരമാണ്. അത് പൂട്ടിച്ചത് എൽഡിഎഫ് ആണ്. തൃശൂരിൽ ബിജെപി ജയിച്ചതും കോൺഗ്രസിന്റെ സഹായത്തോടെയാണ്. എൽഡിഎഫിന് 16000 വോട്ട് കൂടിയപ്പോൾ യുഡിഎഫിന് 85000 വോട്ട് നഷ്ടപ്പെട്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.