വർഗീയ വിഷം ചീറ്റുന്ന പി.സി ജോർജിനെ അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കണം; കെടി ജലീൽ

വിദ്വേഷ പരാമര്‍ശത്തില്‍ പി.സി ജോർജിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഇടത് എംഎൽഎ കെ.ടി ജലീൽ. വർഗീയ വിഷം ചീറ്റുന്ന ജോർജിനെ അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കണമെന്ന് ജലീൽ ആവശ്യപ്പെട്ടു. ശക്തമായ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

പി.സി ജോർജിനെതിരെ ശക്തമായ നടപടികൾ എടുക്കാൻ ആഭ്യന്തരവകുപ്പ് മുന്നോട്ടു വരണം. അതുണ്ടായില്ലെങ്കിൽ അതേ ഭാഷയിൽ ആരെങ്കിലും അതിനോടു പ്രതികരിച്ചാൽ കേരളം ഭ്രാന്താലയമായി മാറും. അതുവഴി നാം നേടിയെടുത്ത നേട്ടങ്ങളുടെ ഗരിമ മങ്ങുകയും കേരളത്തിന്റെ സൽപ്പേര് തകരുകയും ചെയ്യും. മലയാളികൾ ആർജിച്ച മതനിരപേക്ഷ മനസ് നഷ്ടമാകുകയും നാം സ്വാംശീകരിച്ച വൈജ്ഞാനിക പുരോഗതിയുടെ അന്തസ്സ് കെടുത്തുകയും ചെയ്യുമെന്നും കെ.ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

വിദ്വേഷ പരാമർശത്തിൽ ഈരാറ്റുപേട്ട പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് പി.സി ജോർജിനെതിരെ കേസെടുത്തിരുന്നു. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു നടപടി. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് കേസെടുത്തത്.

ജനുവരി ആറിന് 'ജനം ടിവി'യിൽ നടന്ന ചർച്ചയിലായിരുന്നു പിസി ജോർജിന്റെ വിദ്വേഷ പരാമർശം. ഇന്ത്യയിലെ മുസ്‌ലിംകൾ മുഴുവൻ മതവർഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊന്നുവെന്നുമായിരുന്നു വിവാദ പരാമർശം. മുസ്‌ലിംകൾ പാകിസ്താനിലേക്കു പോകണമെന്നും ജോർജ് ചർച്ചയിൽ പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി, കെ.ടി ജലീൽ, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരെല്ലാം ചേർന്ന് പാലക്കാട്ട് ബിജെപിയെ തോൽപ്പിക്കാൻ ശ്രമിച്ചു. ഈരാറ്റുപേട്ടയിൽ മുസ്ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചതെന്നും ജോർജ് ചർച്ചയിൽ ആരോപിച്ചു.

13-Jan-2025