കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടെ കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. ഒരു പുതിയ കോണ്‍ഗ്രസിൻ്റെ ആവിര്‍ഭാവം ചെറിയ തോതില്ലെങ്കിലും മാതൃസംഘടനയായ കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുല്ലപ്പള്ളി മുന്നറിയിപ്പ് നൽകിയത് .

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

യഥാര്‍ത്ഥ കോണ്‍ഗ്രസ്സുകാര്‍ ജാഗ്രത കാണിക്കണം.
കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ പേരു ചേര്‍ത്ത് എപ്പോഴൊക്കെ കൊച്ചു കൊച്ചു സംഘടനകള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചോ ആ കാലത്തെല്ലാം പല കാരണങ്ങളാല്‍ പാര്‍ട്ടിയുമായി പിണങ്ങി നിന്നവര്‍ കോണ്‍ഗ്രസ്സ് വിട്ട ചരിത്രം നാം കണ്ടതാണ്. പലരും പിന്നീട് തിരിച്ചു വരാതെ സി.പി.എം. , ബി.ജെ.പി. സംഘടനകളില്‍ സജീവമാകുന്ന കാഴ്ചയാണ് നാം കണ്ടത്.

ഡി.ഐ.സി. രൂപീകരണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്സ് വിട്ടു പോകാന്‍ നിര്‍ബന്ധിതരായ ഒട്ടേറെ പ്രവര്‍ത്തകര്‍ മറ്റു പാര്‍ട്ടികളില്‍ സജീവമായി. ചിലര്‍ എന്നെന്നേക്കുമായി സജീവ രാഷ്ട്രീയം അവസാനിപ്പിച്ചു

ചരിത്രത്തിന്റെ പുനരാവര്‍ത്തനത്തിന് കേരളം വീണ്ടും സാക്ഷിയാകുമ്പോള്‍ പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ഉത്തമന്മാരായ കോണ്‍ഗ്രസ്സുകാര്‍ അത് തിരിച്ചറിയണം. രാഷ്ട്രീയ മെയ് വഴക്കം അറിയാത്ത ഒരു പാട് നല്ല കോണ്‍ഗ്രസ്സുകാര്‍ കൊച്ചു കൊച്ചു കാരണങ്ങള്‍ കൊണ്ട് ദൈനംദിന രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്ക്കുന്നു. ഒരു പുതിയ കോണ്‍ഗ്രസ്സിന്റെ ആവിര്‍ഭാവം ചെറിയ തോതിലെങ്കിലും മാതൃസംഘടനയായ കോണ്‍ഗ്രസ്സിന് ദോഷമേ വരുത്തുകയുള്ളൂ. സംഘടന കോണ്‍ഗ്രസ്സ് , പിന്നീട് എന്‍.സി.പി. തുടര്‍ന്ന് ഡി.ഐ.സി.യുടെ ആഗമനം, കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന് ഒരു പാഠമാകേണ്ടതുണ്ട്- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

13-Jan-2025