പ്രതി റിമാന്‍ഡിലായതോടെ തന്നെ സമൂഹത്തിന് സന്ദേശം ലഭിച്ചുകഴിഞ്ഞെന്ന് കോടതി
അഡ്മിൻ
കേരളത്തിൽ ഒരാഴ്ചയോളമായി കത്തികൊണ്ടിരിയ്ക്കുന്ന വിഷയമാണ് ബോബി ചെമ്മണ്ണൂർ - ഹണി വിവാദം. വ്യവസായി ബോബി ചെമ്മണ്ണൂരിന്‍റെ ജാമ്യഹർജിയിൽ കോടതിയിൽ നടന്നത് ആകെ മിനിറ്റുകൾ മാത്രം നീണ്ടുനിന്ന വാദമെന്ന് റിപ്പോർട്ട്. ഇനി കസ്റ്റഡി അനിവാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടി ഹണി റോസിനെതിരേ അധിക്ഷേപം നടത്തിയെന്ന കേസില്‍ ബോബി ചെമ്മണൂരിന് ഹൈക്കോടതി ജാമ്യം നല്‍കാമെന്ന് വ്യക്തമാക്കിയത്. ചൊവ്വാഴ്ച വൈകീട്ട് 3.30-ഓടെ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുമെന്നും കോടതി പറഞ്ഞു.
പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. പ്രതി നടിയെ നിരന്തരം പിന്തുടര്‍ന്ന് അധിക്ഷേപിച്ചെന്നും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ബോബി ചെമ്മണൂരിന്റെ ജാമ്യഹര്‍ജി പരിഗണിച്ചത്.
എന്തിനാണ് ഇയാള്‍ ഇങ്ങനെയൊക്കെ കാണിക്കുന്നതെന്നായിരുന്നു ദൃശ്യങ്ങള്‍ കണ്ടശേഷം കോടതിയുടെ ആദ്യ ചോദ്യം. അതേസമയം, സംഭവം നടന്ന സമയത്ത് നടി പരാതികളൊന്നും ഉന്നയിച്ചില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍, അത് നടിയുടെ മാന്യത കൊണ്ടാണ് അവര്‍ ആ ചടങ്ങില്‍വെച്ച് പ്രതികരിക്കാതിരുന്നതെന്ന് കോടതി രൂക്ഷമായ ഭാഷയിൽ മറുപടി നൽകി . ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയാലുണ്ടാകുന്ന പ്രത്യാഘാതം ജനം മനസിലാക്കണമെന്നും കോടതി സൂചിപ്പിച്ചു.
പ്രതി സ്ഥിരമായി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നയാളാണ്. ഈ സംഭവം സമൂഹത്തിന് ഒരു സന്ദേശമാകണമെന്നും പ്രതിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, പ്രതി റിമാന്‍ഡിലായതോടെ തന്നെ സമൂഹത്തിന് സന്ദേശം ലഭിച്ചുകഴിഞ്ഞെന്നായിരുന്നു കോടതിയുടെ പ്രതികരണം.