സിപിഎം കേന്ദ്രകമ്മിറ്റി യോഗം തുടങ്ങി

സിപിഎം കേന്ദ്രകമ്മിറ്റി യോഗം തുടങ്ങി. പാര്‍ട്ടിയുടെ സ്വതന്ത്രശേഷി വീണ്ടെടുക്കുന്നതിന് ഊന്നല്‍നല്‍കിക്കൊണ്ടുള്ള കരട് രാഷ്ട്രീയപ്രമേയം സി.പി.എം കേന്ദ്രകമ്മിറ്റി അംഗീകരിച്ചേക്കും. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ വിശാല മതേതര, ജനാധിപത്യ കക്ഷികളുടെ ഐക്യനിരയെന്ന രാഷ്ട്രീയ അടവുനയം തുടരും. ഇത്തരമൊരു ഐക്യനിരയ്ക്ക് ഇടതുപക്ഷം വേണം മുന്‍കൈയെടുക്കാനെന്നാണ് സി.പി.എം നിലപാട്.

പ്രതിപക്ഷക്കൂട്ടായ്മയ്ക്ക് കെട്ടുറപ്പുവരുത്തുന്നതിന് ഇത് അനിവാര്യമാണ്. അല്ലാത്തപക്ഷം മുന്നേറ്റം ദുര്‍ബലമാകുമെന്നും പാര്‍ട്ടി വിലയിരുത്തി. യുവാക്കളെയടക്കം പാര്‍ട്ടിയിലേക്ക് കൂടുതലായി ആകര്‍ഷിക്കാനുതകുന്ന ബഹുജനമുദ്രാവാക്യങ്ങളും പ്രക്ഷോഭ പരിപാടികളും ഏറ്റെടുക്കാനും സി.പി.എം നിര്‍ദേശിക്കും. വെള്ളിയാഴ്ച കൊല്‍ക്കത്തയില്‍ ആരംഭിച്ച മൂന്ന് ദിവസത്തെ പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗമാണ് തമിഴ്നാട്ടിലെ മധുരയില്‍ നടക്കുന്ന അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന് രൂപം നല്‍കുക.

കരട് രാഷ്ട്രീയ പ്രമേയത്തിന്റെ ചര്‍ച്ചയാണ് കേന്ദ്രകമ്മിറ്റി യോഗത്തിന്റെ പ്രധാന അജന്‍ഡ. യോഗത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്നലെ ഉച്ചയോടെ കൊല്‍ക്കത്തയിലെത്തി.

18-Jan-2025