പൊതു ഇടങ്ങളിലേക്ക് സ്ത്രീകൾ ഇറങ്ങരുതെന്നത് പിന്തിരിപ്പൻ നിലപാട്: എംവി ഗോവിന്ദൻ മാസ്റ്റർ

അന്യ പുരുഷന്മാരുമായി ഇടകലർന്ന് സ്ത്രീകൾ വ്യായാമം ചെയ്യരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിൻ്റെ വിമർശനത്തിനെതിരെ നിലപാടെടുത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ . പൊതു ഇടങ്ങളിലേക്ക് സ്ത്രീകൾ ഇറങ്ങരുതെന്നത് പിന്തിരിപ്പൻ നിലപാടാണെന്നും അങ്ങനെ ശാഠ്യം പിടിക്കുന്നവർക്ക് പിടിച്ചു നിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടി വരുമെന്നും അദ്ദേഹം ഓ‍ർമ്മിപ്പിച്ചു.

കഴിഞ്ഞ ദിവസം ചേർന്ന് സമസ്ത കാന്തപുരം വിഭാഗം മുശാവറ യോഗത്തിലാണ് വ്യായാമ വിവാദം ചർച്ചയായത്. വ്യായാമങ്ങൾ മത നിയമങ്ങൾ അനുസരിച്ചാകണം, അന്യപുരുഷൻമാരുടെ മുന്നിലും അവരുമായി ഇടകലർന്നും സ്ത്രീകൾ വ്യായാമം നടത്തരുത്, മതത്തിന് ഹാനികരമാകുന്ന ഗാനങ്ങളം പ്രചരണങ്ങളും ക്ലാസ്സുകളും സംഘടിപ്പിച്ച് ഇത്തരം കൂട്ടായ്മകളിലേക്ക് ആളുകളെ ചേർക്കുന്നത് അനുവദിക്കില്ലെന്നും യോഗം വ്യക്തമാക്കി.

മെക് സെവൻ വ്യായാമ കൂട്ടായ്മക്ക് പിറകിൽ ജമാഅത്തെ ഇസ്ലാമിയാണെന്നും പുത്തൻ ആശയങ്ങളിലേക്ക് ആളെ ചേർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കാന്തപുരം വിഭാഗം നേതാവ് പേരോട് അബ്ദുറങ്മാൻ സഖാഫി വിമർശിച്ചിരുന്നു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ ഇത് ഏറ്റുപിടിച്ചതോടെ വിവാദമായി.

വിവാദം തണുത്തിരിക്കെയാണ് കാന്തപുരം വിഭാഗത്തിന്റെ ചർച്ചയും നിർദേശങ്ങളും. മെക് സെവൻ എന്ന് പേരെടുത്ത് പറയാതെയാണ് പ്രതികരണം. കാന്തപുരത്തിന്റെത് മത വിശ്വാസികൾക്കുള്ള നിർദേശമാണെന്നും, തങ്ങളുടേത് മത കൂട്ടായമ അല്ലെന്നുമാണ് മെക് സെവൻന്റെ പ്രതികരണം. എല്ലാ മതക്കാരും മതമില്ലാത്തവരും കൂട്ടായ്മയിൽ ഉണ്ടെന്നും മെക് സെവൻ വ്യക്തമാക്കി.

21-Jan-2025

ന്യൂസ് മുന്‍ലക്കങ്ങളില്‍

More