എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ടുപോകും: എംവി ഗോവിന്ദൻ മാസ്റ്റർ

എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റർ . നാട്ടില്‍ വികസനം കൊണ്ടുവരുന്ന പദ്ധതിയാണിത്. പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികളുടെ ആശങ്കകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു പാര്‍ട്ടി സെക്രട്ടറി.

ഇത്തരത്തിലുള്ള ഒരു പദ്ധതി വന്നാല്‍ പ്രദേശവാസികള്‍ക്ക് വെള്ളംമുട്ടും എന്ന് ആവര്‍ത്തിക്കുന്നത് ഗൂഢ ലക്ഷ്യത്തിന്റെ ഭാഗമാണെന്നും അംഗങ്ങള്‍ക്കൊന്നും ആശങ്ക വേണ്ടെന്നും എംവി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു. ജനങ്ങളുടെ ആശങ്ക പരിഹരിച്ച് മുന്നോട്ട് പോകണമെന്നായിരുന്നു അംഗങ്ങളുടെ ആവശ്യം. ചര്‍ച്ച ചെയ്ത് ആശങ്കകള്‍ പരിഹരിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രമിക്കണമെന്ന് മുതിര്‍ന്ന നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിന്റെ മറുപടി പ്രസംഗം.

പികെ ശശിയെ കെറ്റിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യത്തെക്കുറിച്ചും എംവി ഗോവിന്ദന്‍ മാസ്റ്റർ മറുപടി നല്‍കി. സമയാസമയങ്ങളില്‍ ഉചിതമായ തീരുമാനമുണ്ടാകുമെന്ന് ഗോവിന്ദന്‍ മാസ്റ്റർ പാര്‍ട്ടി സമ്മേളനത്തില്‍ വ്യക്തമാക്കി.

23-Jan-2025