രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളം: മന്ത്രി വീണ ജോർജ്

പിപിഇ കിറ്റില്‍ ക്രമക്കേട് നടന്നുവെന്ന സിഎജി റിപ്പോര്‍ട്ട് തളളി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊവിഡ് കാലത്ത് മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. ആരും ശ്വാസം മുട്ടി മരിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ആശുപത്രികളിലൂടെ കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കിയിട്ടില്ലെന്നും വീണാ ജോര്‍ജ് സഭയില്‍ പ്രതിപക്ഷത്തിന് മറുപടി നല്‍കി.

രണ്ട് തവണ കൊവിഡ് രോഗം വ്യാപിച്ചപ്പോഴും ഫലപ്രദമായാണ് കേരളം നേരിട്ടതെന്നും മന്ത്രി പറഞ്ഞു. ‘വെന്റിലേറ്റര്‍ സഹായം ലഭിക്കാതെ കേരളത്തില്‍ ആരുടേയും ജീവന്‍ നഷ്ടമായിട്ടില്ല. കൊവിഡ് കാലത്ത് ആരും ശ്വാസം മുട്ടി മരിച്ചിട്ടില്ല. നമ്മുടെ പുഴകളിലൂടെ മൃതദേഹങ്ങള്‍ ഒഴുകിനടന്നിട്ടില്ല, പിപിഇ കിറ്റ് ഇട്ടായിരുന്നു അന്ന് മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്നത്. കൊവിഡ് കാലത്ത് വിദേശത്ത് നിന്നുപോലും ആളുകള്‍ ചികിത്സയ്ക്കായി കേരളത്തിലേക്ക് വന്നിരുന്നു’, വീണാ ജോര്‍ജ് സഭയില്‍ പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളം. ഒമ്പത് ശതമാനം മാത്രമാണ് അതില്‍ കേന്ദ്ര സഹായമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗുണമേന്മ ഉറപ്പുവരുത്തിയാണ് മരുന്നുകള്‍ വാങ്ങുന്നത്. കേന്ദ്ര ഡ്രഗ്‌സ് കണ്‍ട്രോള്‍ അനുവദിച്ച മരുന്ന് മാത്രമാണ് കേരളത്തില്‍ വില്‍ക്കുന്നതെന്നും മന്ത്രി സഭയില്‍ അറിയിച്ചു.

23-Jan-2025