ബ്രൂവറി കമ്പനിയ്ക്ക് അനുമതി നല്‍കുന്നതില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

പാലക്കാട് കഞ്ചിക്കോട്ടെ ബ്രൂവറി കമ്പനിയ്ക്ക് അനുമതി നല്‍കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. വ്യവസായങ്ങള്‍ക്ക് വെള്ളം നല്‍കുന്നത് മഹാപാപമല്ലെന്നും ഇനിയും വ്യവസായങ്ങള്‍ക്ക് വെള്ളം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രൂവറി കമ്പനിക്ക് അനുമതി നല്‍കിയതിലെ അഴിമതിയാരോപണങ്ങള്‍ തള്ളികൊണ്ടാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

മദ്യ നയത്തില്‍ സര്‍ക്കാര്‍ നയം സുവ്യക്തമാണ്. കേരളത്തില്‍ 10 ഡിസ്റ്റിലറികളാണ് ഉള്ളത്.അതില്‍ ഏഴും തുങ്ങിയത് യുഡിഎഫ് സര്‍ക്കാരാണ്. രണ്ട് ബ്രൂവറി തുടങ്ങിയതും യുഡിഎഫ് ഭരണകാലത്താണ്. നിക്ഷേപകര്‍ ഇനി വന്നാലും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. പാലക്കാട് ബ്രൂവറി പദ്ധതിയിലൂടെ 600 കോടി രൂപയുടെ നിക്ഷേപമാണ് വരുന്നത്.

650 പേര്‍ക്ക് നേരിട്ടും രണ്ടായിരത്തോളം പേര്‍ക്ക് അല്ലാതെയും തൊഴില്‍ കിട്ടും. അനുമതി പ്രാഥമികമായി നല്‍കുന്നത് പൂര്‍ണ്ണമായും സര്‍ക്കാരിന്റെ വിവേചനം ആണ്. അതില്‍ പഞ്ചായത്തിനെ പരിഗണിക്കേണ്ട കാര്യം ഇല്ല. വ്യവസായ സ്ഥാപനങ്ങള്‍ക്ക് വെള്ളം നല്‍കുന്നതും മഹാപാപമല്ല. ഇനിയും ഇത്തരത്തില്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് വെള്ളം നല്‍കും.

വ്യവസായ സ്ഥാപനങ്ങള്‍ക്ക് വെള്ളം നല്‍കാനുള്ള തീരുമാനമെടുത്തത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. വ്യവസായങ്ങള്‍ മാലിന്യം തള്ളില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കും അഴിമതിയുടെ പാപഭാരം ഇങ്ങോട്ട് കെട്ടിവെക്കേണ്ട കാര്യം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

23-Jan-2025