കൊച്ചി: കര്‍ശന ഉപാധികളോടെ ലൈംഗികാരോപണ കേസില്‍ ജയിലിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ടാമത്തെ ഹര്‍ജിയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണത്തെ സ്വാധീനിക്കില്ലെന്നും, അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായതിനാല്‍ കസ്റ്റഡിയില്‍ തുടരേണ്ടതില്ലെന്നുമുള്ള വാദം ഹൈക്കോടതി അംഗീകരിച്ചു.
എന്നാൽ കർശന ഉപാധികളോടെയാണ് ജാമ്യം. കേരളത്തില്‍ പ്രവേശിക്കരുത്, രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ സംഘത്തിന്റെ മുന്നില്‍ ഹാജരാകണം, വിദേശത്തേക്ക് കടക്കാതിരിക്കാൻ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു.ഫ്രാങ്കോയ്ക്ക് ജാമ്യം നല്‍കുന്ന സാഹചര്യം തെളിവിനെയും സാക്ഷിമൊഴികളേയും സ്വാധീനിക്കുമെന്നു സർക്കാർ കോടതിയില്‍ വാദിച്ചു.രണ്ടു പേരുടെ രഹസ്യമൊഴി കൂടി രേഖപ്പെടുത്തേണ്ടതുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. അന്വേഷണ ഘട്ടത്തില്‍ പോലീസ് ആവശ്യപ്പെട്ടപ്പോള്‍ ഹാജരാകുകയും മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് ഇരുന്നു കൊടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ഫ്രാങ്കോയുടെ അഭിഭാഷന്‍ പറഞ്ഞു. ഒരു ഘട്ടത്തില്‍ പോലും അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്നും കേസിനെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഫ്രാങ്കോയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
കേസിൽ ഒട്ടേറെ തെളിവുകൾ ശേഖരിക്കാനുള്ളതിനാൽ ഇപ്പോൾ ജാമ്യം അനുവദിക്കുന്നത് കേസിനു തിരിച്ചടിയാവുമെന്നു അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും കോടതി ഇത് അംഗീകരിക്കാൻ തയ്യാറായില്ല.