കർഷക പ്രക്ഷോഭം കടുപ്പിക്കാൻ സംയുക്ത കിസാൻ മോർച്ച

കർഷക പ്രക്ഷോഭം കടുപ്പിക്കാൻ സംയുക്ത കിസാൻ മോർച്ച. എംപിമാരുടെ ഓഫീസുകളിലേയ്ക്കും വസതികളിലേക്കും ഫെബുവരി 8, 9 തീയതികളിൽ രാജ്യവ്യാപകമായി പ്രതിഷേധ മാർച്ച് നടത്തും. കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക വിപണന നയത്തിനെതിരെ പ്രമേയം പാസാക്കാൻ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടുമെന്നും സംയുക്ത കിസാൻ സഭ നേതാക്കൾ പറഞ്ഞു.

മൂന്നാം മോദിസർക്കാർ കൊണ്ടുവന്ന കാർഷിക വിപണന നയത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാനാരുങ്ങുകയാണ് സംയുക്ത കിസാൻ മോർച്ച. ഫെബ്രുവരി 8,9 തീയതികളിൽ ഭരണ-പ്രതിപക്ഷ എംപിമാരുടെ ഓഫീസുകളിലേക്കും വസതിയിലേക്കും പ്രതിഷേധ മാർച്ച് നടത്തും. മിനിമം താങ്ങുവിലക്കും മിനിമം വേതനത്തിനും വ്യവസ്ഥയില്ലാത്ത നയം കർഷക താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് എസ്കെഎം ചൂണ്ടിക്കാണിച്ചു.

ഇതിനെതിരെ പ്രമേയം പാസാക്കണമെന്ന് മുഖ്യമന്ത്രിമാരോടും കേന്ദ്ര നയം പിൻവലിക്കണമെന്ന് പ്രധാനമന്ത്രിയോടും ആവശ്യപ്പെടും. ഇതിനെരെ എല്ലാ സംസ്ഥാനങ്ങളിലും മഹാപഞ്ചായത്ത് ചേരാനും സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തു. ഫെബ്രുവരി 12 ന് ബീഹാറിലെ പട്നയിൽ ആദ്യ മഹാപഞ്ചായത്തിന് തുടക്കമാകും. അതേസമയം ഫെബ്രുവരി 14ന് കർഷകരുമായുള്ള കേന്ദ്രസർക്കാരിന്റെ ചർച്ച നേരത്തെ നടത്തണമെന്ന കർഷകരുടെ ആവശ്യത്തിൽ കേന്ദ്രസർക്കാർ മൗനം തുടരുകയാണ്.

അതേ സമയം, ജഗജിത് സിംഗ് ദല്ലേവാളിന്‍റെ നിരാഹര സമരം തുടരുകയാണ്. ഖനൗരിയിലെ ദല്ലേവാളിന്റെ നിരാഹാര സമരം 6o ദിവസം പിന്നിട്ടു. നവംബർ 26ന് സമരം ആരംഭിച്ച ദല്ലേവാളിന്റെ ആരോഗ്യസ്ഥിതിയിൽ കർഷകർ ആശങ്ക പ്രകടിപ്പിച്ചു. കേന്ദ്രസർക്കാർ കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാകാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്ന നിലപാടിലാണ് ദല്ലേവാൾ. ദല്ലേവാളിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച കേസിൽ സുപ്രീംകോടതി ജനുവരി 29ന് വീണ്ടും വാദം കേൾക്കും.

24-Jan-2025