പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി; പ്രതിഷേധിച്ച് നേതാക്കൾ
അഡ്മിൻ
പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. യുവമോർച്ച ജില്ലാ പ്രസിഡൻറ് പ്രശാന്ത് ശിവനെ പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് ആക്കുന്നതിനെതിരെ പ്രതിഷേധിച്ച് രാജിക്കൊരുങ്ങി ദേശീയ കൌൺസിൽ അംഗം അടക്കം നേതാക്കൾ. പാലക്കാട് മുൻസിപ്പൽ കൗൺസിലർമാർ ഉൾപ്പെടെ രാജി സന്നദ്ധത അറിയിച്ചു. 9 കൗൺസിലർമാർ നാളെ ബിജെപി സംസ്ഥാന നേതൃത്വത്തിന് രാജി കത്ത് നൽകും.
വിമത യോഗത്തിൽ പങ്കെടുത്ത കൗൺസിലർമാർ രാജിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി. മാനദണ്ഡങ്ങൾ തെറ്റിച്ചാണ് തെരഞ്ഞെടുപ്പെന്നാണ് ആക്ഷേപം. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് ലഭിച്ചവരെ മാറ്റിനിർത്തി ഏകപക്ഷീയമായി പ്രസിഡന്റിനെ തെരഞ്ഞെടുത്തുവെന്നും പാലക്കാട്ടെ മുതിർന്ന ബിജെപി നേതാവ് സി കൃഷ്ണകുമാർ, തന്റെ ബെനാമിയെ തിരുകി കയറ്റുന്നുവെന്നുമാണ് പ്രധാന ആക്ഷേപം.
അതിനിടെ ബിജെപി കൗൺസിലർമാരെ മറുകണ്ടം ചാടിക്കാൻ കോൺഗ്രസും നീക്കം തുടങ്ങി. ബിജെപി വിട്ടെത്തിയ സന്ദീപ് വാര്യർ വഴി ചർച്ചകൾ നടത്തുന്നുവെന്ന വിവരമാണ് പുറത്ത് വരുന്നത്. സംസ്ഥാന കോൺഗ്രസ് നേതാക്കളും വിമത കൌൺസിലർമാരെ ബന്ധപ്പെട്ടു. കൌൺസിലർമാർ രാജിവെക്കുകയാണെങ്കിൽ നഗരസഭ ബിജെപിക്ക് നഷ്ടമാകും.