റേഷന്‍ സമരത്തില്‍ നിന്നും വ്യാപാരികള്‍ പിന്‍മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്: മന്ത്രി കെ എന്‍ ബാലഗോപാല്‍

റേഷന്‍ സമരത്തില്‍ നിന്നും വ്യാപാരികള്‍ പിന്‍മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജനങ്ങള്‍ക്ക് റേഷന്‍ കിട്ടുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടവരാണ് ഗവണ്‍മെന്റും കച്ചവടക്കാരുമെന്ന് അദ്ദേഹം പറഞ്ഞു. കേവലം കച്ചവടക്കാര്‍ മാത്രമല്ല. ലൈസന്‍സികളാണ് ഉത്തരവാദിത്തം കാണിക്കേണ്ടതെന്നും അത് കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വ്യാപാരികള്‍ ഉന്നയിച്ച 4 ആവശ്യങ്ങളില്‍ 3 എണ്ണവും പരിഹരിച്ചിട്ടുണ്ട്. ആവശ്യങ്ങള്‍ ധാരാളം ഉണ്ടാകും. ഓരോന്നായിട്ടേ പരിഹരിക്കാന്‍ പറ്റൂവെന്നും കടകള്‍ അടച്ചിട്ടാല്‍ ബദല്‍ മാര്‍ഗം സ്വീകരിക്കുമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

മദ്യ വില വര്‍ധന സംബന്ധിച്ചും പരാമര്‍ശങ്ങളുണ്ടായി. കഴിഞ്ഞ 5 വര്‍ഷമായി വില കൂട്ടാത്ത ഒന്ന് മദ്യമാണ്. വില വര്‍ധന നയപരമായ തീരുമാനമല്ല. സര്‍ക്കാരിന്റെ ഒരു നിയന്ത്രണം ഉണ്ടാകുമെന്നും ന്യായമായ വിലയ്ക്ക് നല്ല മദ്യം എത്തിക്കുക എന്ന ഉത്തരവാദിത്തം ഗവണ്‍മെന്റിന് ഉണ്ടെന്നും അത് ബിവറേജസ് കോര്‍പ്പറേഷന്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

26-Jan-2025