ഭീതിയുടെയും അന്യായത്തിന്റെയും അസമത്വത്തിന്റെയും റിപ്പബ്ലിക്കായി നമ്മുടെ രാജ്യം മാറരുത്: മന്ത്രി പി പ്രസാദ്

വർഗീയത തിടമ്പുവെച്ചാടുമ്പോൾ, വർഗീയത ജനാധിപത്യത്തിന്റെ തോളിലേറി ഘോഷയാത്രകള്‍ നടത്തുമ്പോൾ ഭരണഘടന വിഭാവനം ചെയ്യുന്ന സ്നേഹത്തെ, സാഹോദര്യത്തെ എങ്ങനെ കണ്ടെടുക്കാൻ കഴിയുമെന്ന് ചിന്തിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ എഴുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സ്നേഹം അപ്രത്യക്ഷമായാൽ പിന്നെ രാജ്യം ഭീതിയുടെ റിപ്പബ്ലിക്കായി മാറും. ഭീതിയുടെയും അന്യായത്തിന്റെയും അസമത്വത്തിന്റെയും റിപ്പബ്ലിക്കായി നമ്മുടെ രാജ്യം മാറരുത്. വെറുപ്പും ഭയവും മാത്രമുള്ള ഒരു റിപ്പബ്ലിക്കല്ല നമ്മളും ഭരണഘടനയും വിഭാവനം ചെയ്തത്. മഹത്തായ മനുഷ്യസ്നേഹത്തിന്റെ മഹാസാഗരത്തെയാണ് ഇന്ത്യയും അതിന്റെ ഭരണഘടനയും ഉയർത്തിപ്പിടിപ്പിക്കുന്നത്. ഭരണഘടനയെ ഹൃദയത്തോട് ചേർത്തുപിടിച്ച് നമുക്കിത് പറയാനാകണമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ റിപ്പബ്ലിക്കിന് 75 വയസ്സ് പൂര്‍ത്തിയാകുന്ന വേളയിലാണ് നമ്മള്‍ ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. നമുക്കായി ഒരു ഭരണഘടന എഴുതിയുണ്ടാക്കുകയും ആ ഭരണഘടനയുടെ ബലത്തില്‍ ഇന്ത്യ മുന്നേറുകയും ചെയ്തു എന്നത് ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍ അഭിമാനത്തിന്റെ തിരയിളക്കം സമ്മാനിക്കുന്ന ചരിത്രമാണ്. ഉജ്വലമായ സമരവേദികളിൽ നിന്നാണ് രാജ്യം സ്വാതന്ത്ര്യത്തിന്റെ അനന്തവിഹായസ്സിലേക്ക് ഉയർന്നുവന്നത്.

ഓരോ ഭാരതീയനിലും ആത്മാഭിമാനത്തെ ഉണർത്തുന്നതും ഉയർത്തിപ്പിടിക്കുന്നതും നമ്മുടെ ഭരണഘടനയാണ്. അവകാശവും അധികാരവും നമ്മിലേക്ക് പകർന്നു നൽകിയത് ഈ ഭരണഘടന തന്നെയാണ്. ഭരണഘടനയാണ് നീതിയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും പറഞ്ഞത്. അത് വീണ്ടും പറയുന്നത് സാഹോദര്യത്തെക്കുറിച്ചാണ്.

ബാബാ സാഹെബ് അംബേദ്ക്കറിനെ ആദ്യാവസാനം എതിർത്ത ആളുകളും ഗാന്ധിജിയുടെ ആഗ്രഹാഭിലാഷങ്ങൾ യഥാവിധി കടന്നുവന്നില്ല എന്നു പറഞ്ഞവരും സാഹോദര്യം എന്ന വാക്ക് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ പതിയുമ്പോൾ എല്ലാ അർത്ഥത്തിലും പിന്തുണയ്ക്കുകയും പിൻബലം നൽകുകയുമായിരുന്നു. എത്ര മനോഹരമായ പദമാണ് സാഹോദര്യം എന്ന് ആലോചിച്ചു നോക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സ്നേഹത്താൽ പ്രചോദിതമാകുന്ന കരുത്താണ് ഇന്ത്യയെ മുന്നോട്ട് നയിക്കേണ്ടത്. ഭരണഘടന മുന്നോട്ടുവെച്ചുകൊണ്ട് മഹാനായ അംബേദ്കർ ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. വൈരുദ്ധ്യങ്ങൾ ഉൾപ്പെടുന്ന ഇന്ത്യയുടെ ജീവിതം എത്രകാലം നമുക്ക് മുന്നോട്ടുകൊണ്ടുപോകാനാകും എന്നതായിരുന്നു ആദ്യത്തേത്. എത്രനാൾ നമുക്ക് സാമൂഹ്യനീതിയെ അവഗണിക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

സാമൂഹിക സാമ്പത്തിക ജീവിതത്തിൽ നീതി എന്നു പറയുന്നത് അപ്രത്യക്ഷമായാൽ അത് വല്ലാത്തൊരു ദുരന്തത്തിലേക്ക് രാജ്യത്തെ നയിക്കും. ഒരു വോട്ടിന് ഒരു വിലയാണ്, ഒരു മൂല്യമാണ്. രാഷ്ട്രീയ ജീവിതത്തിൽ ആ തുല്യത ഉണ്ടാകുന്നുണ്ട്. സാമൂഹിക-സാമ്പത്തിക ജീവിതത്തിൽ മനുഷ്യർക്ക് ആ തുല്യത ലഭിക്കുന്നുണ്ടോ എന്ന് നാം വിലയിരുത്തണമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു.

ഒരുപാട് വിജയകഥകൾ ഇന്ത്യക്കുണ്ട്. ആ വിജയ കഥകളുടെ കരുത്തിൽ മാനവികതയുടെ മഹാ സന്ദേശം ഉള്ളിൽ വെച്ചുകൊണ്ട് വർഗീയതയ്ക്കും വിഭാഗീയതയ്ക്കും വന്നു മേയാൻ കഴിയുന്ന ഇടമല്ല ഇന്ത്യയെന്ന് ഉറക്കെ പറയാൻ കഴിയണം.രാജ്യം റിപ്പബ്ലിക്കിന്റെ 76ാം ആഘോഷ പരിപാടി സംഘടിപ്പിക്കുമ്പോൾ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത മഹാപോരാളികൾ ഔന്നത്യത്തിൽ നിന്നുകൊണ്ട് നടത്തിയ ചിന്തകളെ നമുക്ക് പ്രവർത്തികളിലൂടെ സാധൂകരിക്കാനാകണം. ആ മഹത്തായ ലക്ഷ്യങ്ങളെ സാധൂകരിക്കുന്നതിനുള്ള പോരാട്ടത്തിന്റെ പോർമുഖങ്ങളിലേക്ക് എല്ലാവരും കടന്നു വരേണ്ടതുണ്ട്. ജാതിയും മതവും വർഗീയതയും സൃഷ്ടിക്കുന്ന വേലിക്കെട്ടുകളെ തകർത്തെറിയാൻ നമുക്ക് കഴിയണം. അത്തരം ചിന്തകൾക്കൊപ്പം നിൽക്കുക എന്നതാണ് ഈ റിപ്പബ്ലിക് ദിനത്തിൽ നമുക്ക് ചെയ്യാനാവുന്നതെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു.

റിപ്പബ്ലിക്ദിന പരേഡ് ചടങ്ങുകള്‍ രാവിലെ 9 മണിക്ക് ആരംഭിച്ചു. മുഖ്യാതിഥിയായ മന്ത്രി പി പ്രസാദിനെ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസും ജില്ലാ പൊലീസ് മേധാവി എംപി മോഹനചന്ദ്രനും ചേര്‍ന്ന് സ്വീകരിച്ചു.
തുടര്‍ന്ന് മന്ത്രി പി പ്രസാദ് ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. ശേഷം പരേഡ് പരിശോധിച്ചു. കുത്തിയതോട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറും പരേഡ് കമാന്ററുമായ എം. അജയ് മോഹന്റെ നേതൃത്വത്തില്‍ ബാന്‍ഡ് ഉള്‍പ്പെടെ 18 പ്ലറ്റുണുകളാണ് പരേഡില്‍ അണിനിരന്നത്.

26-Jan-2025