പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തത് ജനങ്ങള്‍ക്ക് വളരെയധികം ആശ്വാസം: മന്ത്രി എകെ ശശീന്ദ്രന്‍

പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തത് ജനങ്ങള്‍ക്ക് വളരെയധികം ആശ്വാസമാണെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. ചത്തെങ്കിലും വനം വകുപ്പ് കടുവയെ പിടികൂടാന്‍ നടത്തിയ വെല്ലുവിളികള്‍ നിറഞ്ഞ ശ്രമത്തെ അഭിനന്ദിക്കുന്നു. പഞ്ചാരക്കൊല്ലിയിലെ ജനങ്ങള്‍ക്ക് ആശ്വാമായി ഉറങ്ങാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു. കടുവയുടെ സാന്നിദ്ധ്യം സ്‌പോട്ട് ചെയ്ത വയനാട്ടിലെ മറ്റ് മൂന്ന് സ്ഥലങ്ങളില്‍ ടാസ്‌ക് ഫോഴ്‌സ് സ്‌പെഷ്യല്‍ ഡ്രൈവ് തുടരുമെന്നും അദ്ദേഹം അറിയിച്ചു.

വയനാട് ജില്ലയില്‍ മൂന്നോ നാലോ ഇടത്ത് കടുവയുടെ സാന്നിധ്യമുള്ളതായി നാട്ടുകാരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അവിടെയാണ് പരിശോധന തുടരുകയെന്നും അദ്ദേഹം അറിയിച്ചു. അതിനായുള്ള ക്രമീകരണം നടത്താന്‍ ജില്ലാ കളക്ടറോടും സിസിഎഫിനോടും ആവശ്യപ്പെട്ടു. ഒന്നിലും 100 ശതമാനം പരിഹാരം പ്രതീക്ഷിക്കരുത്.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ജാഗ്രതക്കുറവ് കാണിച്ചാല്‍ അത് തിരുത്തിക്കണം. നേരത്തേയുണ്ടായ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തിയാണ് ഇപ്പോഴും ജനം വനം വകുപ്പിനെ കാണുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ബഹുജന പിന്തുണയില്ലാതെ പരിഹരിക്കാനാവില്ല. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആശയവിനിമയം നടത്തി പരിഹാരം കണ്ടെത്തി മുന്നോട്ട് പോകണം.

അടുത്ത കാലത്തൊന്നും ഇന്നലെ നടന്നത് പോലെ ഒരു ഒത്തുതീര്‍പ്പ് ഉണ്ടായില്ല. അതിന്റെ നന്മയെ ജനങ്ങളിലേക്കെത്തിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല. കടുവയുടെ മരണകാരണം സംബന്ധിച്ച സംശയങ്ങള്‍ക്ക് പോസ്റ്റ്‌മോര്‍ട്ടത്തിലൂടെയേ വ്യക്തത വരൂ. ഓപ്പറേഷന്‍ വയനാടിന്റെ രണ്ടാം ഘട്ടം ഇനിയുള്ള ദിവസങ്ങളില്‍ തുടരും. പിലാക്കാവില്‍ ചത്ത നിലയില്‍ കണ്ടെത്തിയ കടുവ തന്നെയാണ് പഞ്ചാരക്കൊല്ലിയില്‍ രാധയെ കൊലപ്പെടുത്തിയത്. 17 ലധികം ക്യാമറകളില്‍ ഈ കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

27-Jan-2025