മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ മൂന്ന് അംഗ ബെഞ്ച് പരിഗണിക്കും
അഡ്മിൻ
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷാ ഭീഷണി ആശങ്ക മാത്രമെന്നു സുപ്രീംകോടതി. 130 വര്‍ഷത്തെ കാലവര്‍ഷങ്ങളെ അണക്കെട്ട് അതിജീവിച്ചതാണെന്നും കോടതി. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ്, ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ്.വി.എൻ. ഭട്ടി എന്നിവരടങ്ങുന്ന ബെഞ്ചിന്‍റെ നിരീക്ഷണം.
അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. മഴക്കാലമടുത്തതിനാല്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നു ഹർജിക്കാരൻ ഡോ. ജോ ജോസഫിനു വേണ്ടി ഹാജരായ അഭിഭാഷകൻ ജയിംസ് തോമസ് ആവശ്യപ്പെട്ടപ്പോഴാണ് സുരക്ഷാ ഭീഷണി ആശങ്ക മാത്രമെന്നു ജസ്റ്റിസ് ഋഷികേശ് റോയ് പ്രതികരിച്ചത്. ആകാശം ഇടിഞ്ഞ് വീഴുമെന്ന് കാര്‍ട്ടൂണ്‍ കഥാപാത്രം പറയുന്നത് പോലെയാണ് ഭീഷണിയെക്കുറിച്ചുളള ആശങ്ക എന്നും ബെഞ്ച്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്ന കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരാണ് ഞങ്ങള്‍. 50 വർഷത്തേക്കു നിർമിച്ച അണക്കെട്ട് അതിന്‍റെ രണ്ടര മടങ്ങ് കാലാവധി പിന്നിട്ടു. 130 വർഷമെന്നാൽ 130 കാലവർഷക്കാലമാണ്. ഇത്രയും കാലവും ശക്തമായി നിന്ന അണക്കെട്ട് നിർമിച്ചവർക്ക് അഭിമാനപൂര്‍വം നന്ദി പറയുന്നു.
അണക്കെട്ട് തകരുമെന്ന ഭീതി നിലനിന്ന രണ്ടു മഴക്കാലത്ത് താന്‍ കേരള ഹൈക്കോടതിയില്‍ ഉണ്ടായിരുന്നുവെന്ന് ജസ്റ്റിസ് ഋഷികേശ് റോയ് ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഋഷികേശ് റോയ് നേരത്തെ കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായിരുന്നു. ജസ്റ്റിസ് എസ്.വി.എൻ. ഭട്ടി കേരള ഹൈക്കോടതിയില്‍ ആക്റ്റിങ് ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചിട്ടുണ്ട്.