ബഹിരാകാശ നടത്തത്തിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ വംശജ സുനിത വില്യംസ്

ബഹിരാകാശ നടത്തത്തിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോർഡ് സുനിത വില്യംസ് സ്വന്തമാക്കി. അഞ്ച് മണിക്കൂർ 26 മിനിറ്റാണ് സുനിത കഴിഞ്ഞദിവസം ബഹിരാകാശത്ത് നടന്നത്. ഇതോടെ ആകെ നടത്തം 62 മണിക്കൂർ ആറുമിനിറ്റായി.

2017ൽ നാസയുടെ തന്നെ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സൻ സ്ഥാപിച്ച റെക്കോർഡാണ് സുനിത വില്യംസ് മറികടന്നത്. 60 മണിക്കൂർ 21 മിനിറ്റായിരുന്നു പെഗ്ഗി വിറ്റ്‌സണിന്റെ റെക്കോർഡ് സമയം. തന്റെ 19-ാം ബഹിരാകാശ നടത്തത്തിലാണ് സുനിത നേട്ടം സ്വന്തമാക്കിയത്. “ബഹിരാകാശത്തു നടക്കുന്ന ആദ്യത്തെയോ രണ്ടാമത്തെയോ ആളുകൾ ഞങ്ങളല്ലെന്ന് അറിയാം. പക്ഷേ ഈ നേട്ടം സാധ്യമായി”- ബഹിരാകാശ നടത്തം അവസാനിക്കുന്നതിനു മുൻപു സുനിത പറഞ്ഞു.

ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിനുണ്ടായ സാങ്കേതികത്തകരാർ കാരണം എട്ടുമാസത്തോളമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കഴിയുന്ന നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിതാ വില്യംസും ബുച്ച് വിൽമോറും ഒരുമിച്ച് ആദ്യമായി ബഹിരാകാശത്ത് നടന്നിരുന്നു. ഇതോടെയാണ് പുതിയ റെക്കോർഡ് നേടിയത്. നിലയത്തിന്റെ അറ്റകുറ്റപ്പണികൾ നടത്താനായിരുന്നു നടത്തം.

ബഹിരാകാശ നിലയത്തിലെത്തിയ ശേഷം ആദ്യമായാണ് വിൽമോർ പുറത്തിറങ്ങുന്നത്. നിലയത്തിന്റെ കമാൻഡർ കൂടിയായ സുനിത രണ്ടാഴ്ചമുൻപ് മറ്റൊരു ബഹിരാകാശ സഞ്ചാരിക്കൊപ്പം ബഹിരാകാശത്ത് നടന്നിരുന്നു. 2024 ജൂണിൽ പത്തുദിവസത്തെ ദൗത്യത്തിനായാണ് ഇരുവരും ബഹിരാകാശ നിലയത്തിലെത്തിയത്. ഇവരെ എത്രയുംവേഗം തിരികെയെത്തിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്‌പെയ്സ് എക്‌സ് സിഇഒ ഇലോൺ മസ്‌കും പറഞ്ഞിട്ടുണ്ട്.

31-Jan-2025