വിമാന ദുരന്തത്തില്‍ റഷ്യയില്‍ നിന്നുള്ള സംഘവും ഉണ്ടായിരുന്നതായി ട്രംപ്

വാഷിംഗ്ടണ്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ സിവിലിയന്‍ വിമാനവും സൈനിക ഹെലികോപ്റ്ററും തകര്‍ന്ന് കൊല്ലപ്പെട്ട റഷ്യന്‍ പൗരന്മാരുടെ കാര്യത്തില്‍ അമേരിക്കന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ഉണ്ടായ വിമാന ദുരന്തത്തില്‍ റഷ്യയില്‍ നിന്നുള്ള സംഘവും ഉണ്ടായിരുന്നതായി ട്രംപ് വെളിപ്പെടുത്തി.

നിലവില്‍ പ്രാബല്യത്തിലുള്ള ഉപരോധങ്ങളും വിമാന നിരോധനങ്ങളും പരിഗണിക്കാതെ, അപകടത്തില്‍ കൊല്ലപ്പെട്ട റഷ്യന്‍ പൗരന്മാരുടെ ഭൗതികാവശിഷ്ടങ്ങള്‍ കൈമാറാനുള്ള നടപടികള്‍ അമേരിക്ക’സുഗമമാക്കും’ എന്നും അദ്ദേഹം പ്രസ്താവിച്ചു. അതേസമയം, ട്രംപ് പരാമര്‍ശിച്ച കാര്യങ്ങളില്‍ താനും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയം ഉള്‍പ്പെട്ടിട്ടില്ലെന്ന് ക്രെംലിന്‍ പിന്നീട് വ്യക്തമാക്കി .

വാഷിംഗ്ടണിലെ റഷ്യന്‍ എംബസി ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി, റഷ്യന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതില്‍ അതിയായ ദു:ഖമുണ്ടെന്നും എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതുവരെയും വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട ജീവനക്കാരുടെയോ യാത്രക്കാരുടെയോ പേരുകള്‍ പുറത്തുവിട്ടിട്ടില്ല.

കന്‍സാസിലെ വിചിറ്റയില്‍ നടന്ന യുഎസ് ഫിഗര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് മടങ്ങുന്ന അത്‌ലറ്റുകളും പരിശീലകരും കുടുംബാംഗങ്ങളുമായിരുന്നു യാത്രക്കാരില്‍ പലരും. അവരില്‍ 1994-ലെ ലോക ചാമ്പ്യന്‍ ഫിഗര്‍ സ്‌കേറ്റര്‍മാരായ വാഡിം നൗമോവ്, എവ്ജീനിയ ഷിഷ്‌കോവ എന്നിവരും 1998-ല്‍ അമേരിക്കയിലേയ്ക്ക് മാറി പരിശീലകരായി പ്രവര്‍ത്തിച്ച മുന്‍ റഷ്യന്‍ ഒളിമ്പ്യന്മാരും ഉള്‍പ്പെടുന്നു.

31-Jan-2025