കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമെന്ന് ഘടകകക്ഷികള്‍

കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമെന്ന് തുറന്നുപറഞ്ഞ് ഘടകകക്ഷികള്‍ രംഗത്ത്. നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം അതിരുവിട്ടതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ്സിലെ പ്രതിസന്ധി ഘടകകക്ഷികള്‍ തുറന്നുകാട്ടിയത് . മുന്നണിയുടെ പ്രവര്‍ത്തനത്തെയും തര്‍ക്കം ബാധിച്ചു എന്ന് ഘടകകക്ഷികള്‍ ആരോപിച്ചു. കോണ്‍ഗ്രസിലെ തര്‍ക്കങ്ങളില്‍ ആശങ്ക അറിയിച്ചാണ് ഘടകകക്ഷികള്‍ രംഗത്തെത്തിയത്.

കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമെന്ന ആശങ്ക ഘടകക്ഷികള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് ഘടകകക്ഷികള്‍ ആവശ്യപ്പെട്ടു. മുന്നണിയില്‍ ഐക്യം ഊട്ടി ഉറപ്പിക്കണം എന്നും ഘടകകക്ഷികള്‍ ആവശ്യപ്പെട്ടു. ഐക്യത്തോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് ഘടകകക്ഷികള്‍ ഇന്നയിക്കുന്ന മുന്നറിയിപ്പ്. മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ ആശങ്ക അറിയിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ സുധാകരനും തമ്മിലുള്ള തര്‍ക്കത്തിലാണ് ഘടകകക്ഷികളുടെ ഇടപെടല്‍.


കോണ്‍ഗ്രസിലെ തര്‍ക്കം യുഡിഎഫിന്റെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കിയെന്നാണ് ഘടകഷക്ഷികളുടെ പരാതി. ഇങ്ങനെ മുന്നോട്ടുപോയാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിടും. സുധാകരനും സതീശനും തമ്മിലുള്ള തര്‍ക്കം അതിരുകടന്നതോടെ മുന്നണിയുടെ പ്രവര്‍ത്തനവും താളം തെറ്റി. നേതാക്കള്‍ തമ്മിലുള്ള കൂടിയാലോചന ഇല്ലാതായി. കഴിഞ്ഞ യുഡിഎഫ് ഉന്നതാധികാരസമിതി യോഗത്തില്‍ തര്‍ക്കം കാരണം സുധാകരന്‍ പങ്കെടുത്തിരുന്നില്ല.

ഓണ്‍ലൈന്‍ യോഗം കാര്യമായ തീരുമാനം എടുക്കാനാകാതെ അരമണിക്കൂറിനുള്ളില്‍ പിരിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിയിലെ പാര്‍ട്ടികള്‍ തമ്മില്‍ ആദ്യം സീറ്റുകള്‍ സംബന്ധിച്ച് ധാരണയാകണം. പലയിടത്തും പരസ്പരം മത്സരിക്കുന്ന സ്ഥിതി ഉണ്ട്. ഇത് ചര്‍ച്ച ചെയ്ത് ധാരണ ആക്കാന്‍ പോലും യോഗങ്ങള്‍ വിളിക്കാനാകുന്നില്ല. താഴെ തട്ടില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ അശക്തമാണ്. ഇത് ഘടകകക്ഷികള്‍ക്ക് സ്വാധീനം ഉള്ള സ്ഥലങ്ങളില്‍ പോലും തിരിച്ചടിയാകുമെന്ന് ലീഗ് നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചു.

പ്രധാനമായും നാല് ഘടകകക്ഷി നേതാക്കളാണ് എഐസിസി നേതാക്കളെ നേരില്‍ കണ്ട് തങ്ങളുടെ പരാതി അറിയിച്ചത്. വിഷയത്തില്‍ അടിയന്തരമായി ഹൈക്കമാന്‍ഡ് ഇടപെടണമെന്നാണ് ആവശ്യം.

31-Jan-2025