കേരളത്തോടുള്ള വിവേചനം എല്ലാ സീമകളും കടന്നിരിക്കുന്നു: സിപിഐഎം
അഡ്മിൻ
സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ മേഖലകളിൽ സംഘടിപ്പിക്കുന്നത് 96 സെമിനാറുകൾ. വിവിധ വിഷയങ്ങളിലായി സംഘടിപ്പിക്കുന്ന സെമിനാറുകളിൽ ആദ്യത്തേത് ഫെബ്രുവരി മൂന്നിന് നടക്കും. കേന്ദ്ര - സംസ്ഥാനബന്ധങ്ങൾ എന്ന വിഷയത്തിലെ സെമിനാർ സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രഫ. പ്രഭാത് പട്‌നായിക് ഉദ്ഘാടനം ചെയ്യുമെന്നു സമ്മേളന സ്വാഗതസംഘം ജനറൽ കൺവീനർ എസ്.സുദേവൻ, സെമിനാർ കമ്മിറ്റി ചെയർപേഴ്‌സൺ ജെ.മേഴ്സിക്കുട്ടിയമ്മ, കൺവീനർ എസ്.ജയമോഹൻ എന്നിവർ അറിയിച്ചു.
സെമിനാറിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ, ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് എന്നിവർ പങ്കെടുക്കും. ഡോ.കെ.എൻ.ഹരിലാൽ മോഡറേറ്ററാകും.
മാർച്ച് 6 മുതൽ 9 വരെയാണ് 24 -ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി സി പി ഐ എം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്നത്.
സാർവ്വദേശീയവും, ദേശീയവും പ്രാദേശികവുമായ വൈവിധ്യം നിറഞ്ഞ വിഷയങ്ങളിൽ നടക്കുന്ന സെമിനാറുകളിൽ രാജ്യാന്തര പ്രശസ്‌തരായ സാങ്കേതിക, വൈജ്ഞാനിക വിദഗ്ധരും, നിയമപണ്ഡിതരും, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ വിശിഷ്ട വ്യക്തി കളും പങ്കെടുക്കും.
കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ എന്ന വിഷയം കൂടാതെ നാലാം തൂണിന് ക്ഷതമേൽക്കുമ്പോൾ, ചരിത്രത്തിൻ്റെ അപനിർമ്മിതിയും സാംസ്‌കാരിക രാഷ്ട്രീയവും, ജെൻഡർ സാക്ഷരത, തൊഴിലാളി - കർഷക പ്രക്ഷോഭങ്ങളും വർത്തമാനകാല ഇന്ത്യയും, ആഗോള മുതലാളിത്തവും ഇടതുപക്ഷവും, സനാതന ധർമ്മം മാനവിക ധർമ്മമോ?, ഒരു രാജ്യം-ഒരു തെരഞ്ഞെടുപ്പ് ഉയർത്തുന്ന ഭരണഘടനാ വെല്ലുവിളികൾ, ദേശീയ വിദ്യാഭ്യാസ നയം ഉയർത്തുന്ന ചോദ്യങ്ങൾ, നിർമ്മിത ബുദ്ധിയുടെ സാധ്യതകളും വെല്ലുവിളികളും, ടൂറിസവും കേരളത്തിൻ്റെ വികസനവും, കേരളത്തിലെ വന്യജീവി ആക്രമണവും പ്രശ്നപരിഹാര സാധ്യതകളും, കേരള വികസനത്തിൽ സഹകരണപ്രസ്ഥാനത്തിൻ്റെ പങ്ക്, കൊല്ലം ചരിത്രപഥങ്ങളിലൂടെ തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് സെമിനാറുകൾ തീരുമാനിച്ചിരിക്കുന്നത്.
പ്രഫ.പ്രഭാത്പട്‌നായിക്, പ്രഫ.അമർഫാറൂഖി, എൻ.റാം, ബൃന്ദാകാരാട്ട്, ജസ്റ്റിസ് ചെലമേശ്വർ, മുഹമ്മദ് യൂസഫ് തരിഗാമി, പ്രബീർ പുർകായസ്ഥ, തപൻസെൻ, എം.എ.ബേബി, കെ.എൻ.ബാലഗോപാൽ, പി.പ്രസാദ്, പി.രാജീവ്, വീണാജോർജ്, വി.എൻ .വാസവൻ, എം.ബി.രാജേഷ്, സുനിൽ.പി.ഇളയിടം, ബിനോയ് വിശ്വം, ആർ രാജഗോപാൽ കെ.കെ.ഷാഹിന, രാജീവ് ദേവരാജ്, വി.ബി.പരമേശ്വരൻ, ജോസ് പനച്ചിപ്പുറം, ജി.സജിത്ത് കുമാർ, എം.സ്വരാജ്, പ്രഫ. കെ.എൻ.ഗണേഷ്, എളമരം കരീം, പുത്തലത്ത് ദിനേശൻ, എം.വി.ജയരാജൻ, ഷിബു ബേബിജോൺ, അഡ്വ.ജനറൽ കെ.ഗോപാലകൃഷ്ണക്കുറുപ്പ്. പ്രഫ.സി.രവീന്ദ്രനാഥ്, മുരളി തുമ്മാരുകുടി, ഡോ.രാജൻ ഗുരുക്കൾ, കെ. കെ.ശൈലജ, പി.കെ.ശ്രീമതി, ജെ.ദേവിക, കെ. പ്രകാശ് ബാബു, ശേഖർ കുര്യാക്കോസ്, ഡോ.ബി.ഇക്ബാൽ, ടി.എം.തോമസ് ഐസക്, വിജു കൃഷ്‌ണൻ തുടങ്ങി ഒട്ടേറെ പ്രമുഖർ വിവിധ സെമിനാറുകളിൽ പങ്കെടുക്കും.
രാജ്യത്തിൻ്റെ ഭരണഘടനാ മൂല്യങ്ങളെ ബഹുമാനിക്കുകയും, തൊഴിലാളികളുടെയും സാധാരണക്കാരുടെയും താല്‌പര്യങ്ങൾക്ക് മുൻതൂക്കം നൽകുകയും ചെയ്യുന്ന ഒരു ബദൽ വളർത്തിക്കൊണ്ടു വരാനുള്ള സിപിഐ(എം)ൻ്റെ ശ്രമങ്ങൾക്ക് വ്യക്തത പകരുന്നതാവും സെമിനാറുകൾ. രാജ്യത്ത് ജാതിമത സംഘർഷങ്ങളും, ന്യൂനപക്ഷങ്ങൾക്കെതിരെ സമാനതകളില്ലാത്ത കടന്നാക്രമണങ്ങളും, ആൾക്കൂട്ട കൊലപാതകങ്ങളും സാധാരണക്കാരന്റെ ജീവിതം അരക്ഷിതമാക്കുകയാണ്. ഇതിനുപുറമെയാണ് കോർപറേറ്റ് അനുകൂല നയങ്ങളിലൂടെ സാധാരണ ജനജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റവും, തൊഴിലില്ലായ്മയും മറ്റ് പ്രശ്നങ്ങളും.
കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ ഫെഡറൽ മൂല്യങ്ങളെയാകെ കാറ്റിൽപറത്തി സംസ്ഥാനങ്ങളെ രാഷ്ട്രീയ വിവേചനത്തിലൂടെ ഒറ്റപ്പെടുത്തുകയും ജനങ്ങളെ ദ്രോഹിക്കുകയുമാണ്. കേരളത്തോടുള്ള വിവേചനം എല്ലാ സീമകളും കടന്നിരിക്കുന്നു. കടുത്ത വെല്ലുവിളികളും സാമ്പത്തിക ഉപരോധ സമാനമായ നടപടികളും കൊണ്ട് കേരളം ഉൾപ്പെടെയുള്ള പ്രതിപക്ഷ നേത്യത്വത്തിലുള്ള സംസ്ഥാനങ്ങളോട് കാണിക്കുന്ന അവഗണന എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുന്നതാണ്. ഈ സവിശേഷ സാഹചര്യത്തിലാണ് സി.പി.ഐ.എമ്മിൻ്റെ സംസ്ഥാനസമ്മേളനം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കൊല്ലത്ത് സംഘടിപ്പിക്കുന്നത്.
രാജ്യത്ത് ജനപക്ഷ പോരാട്ടം ശക്തമാക്കാനും വലതുപക്ഷ നയങ്ങളെ ചെറുക്കാനും ജനാധിപത്യ പാർട്ടികൾ തയ്യാറാകേണ്ടതുണ്ട്. തെറ്റായ നയങ്ങൾക്കെതിരെയുള്ള പോരാട്ടം ശക്തമാക്കിക്കൊണ്ട് മാത്രമേ രാജ്യത്തിന് മുന്നേറാൻ കഴിയൂ. സി.പി.ഐ(എം) തങ്ങളുടെ സമ്മേളനങ്ങളെ ഇത്തരം നയങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾ രൂപപ്പെടുത്താനുള്ള വേദികളായാണ് കാണുന്നത്. ശരിയായ ബദലുകളുയർത്തി ജനങ്ങളെ അണിനിരത്തുകയെന്നതിലാണ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി. അതുകൊണ്ടുതന്നെ സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടികളായി നടക്കുന്ന സെമിനാ റുകളെയടക്കം ഏറെ ഗൗരവമായാണ് സിപിഐ(എം) കാണുന്നതെന്നും അവർ പറഞ്ഞു.
നഗരത്തിൽ നടക്കുന്ന സെമിനാറുകൾ കൊല്ലം സി.കേശവൻ മെമ്മോറിയൽ ടൗൺഹാൾ (കൊടിയേരി ബാലക്യ ഷ്ണൻ നഗർ), ക്യൂ.എ.സി ഗ്രൗണ്ടിൽ തയ്യാറാക്കുന്ന സ്ഥിരം സെമിനാർ വേദി (ആനത്തലവട്ടം ആനന്ദൻ, എം എം ലോറൻസ് നഗർ) എന്നിവിടങ്ങളിലാണ് നടക്കുക.
സെമിനാറുകളോടനുബന്ധിച്ച് കലോത്സവങ്ങളിൽ വിജയികളായ വിദ്യാർത്ഥി-വിദ്യാർത്ഥിനികളെ അനുമോദിക്കുകയും ആദരിക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് വേദിയൊരുക്കുകയും ചെയ്യും.
01-Feb-2025
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ