കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച 15 പുതിയ വിള ഇനങ്ങൾ പുറത്തിറക്കി
അഡ്മിൻ
കൃഷി ചെയ്യാൻ അനുയോജ്യമായ ഭൂമി കർഷകർക്ക് ലഭ്യമാക്കുന്ന നിയമം ഈ നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കേരള കാര്‍ഷിക സര്‍വകലാശാല 54ാമത് സ്ഥാപിത ദിനാഘോഷം ഉദ്ഘാടനം ചെയ്യവേയായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്. പരിപാടിയിൽ സർവകലാശാല വികസിപ്പിച്ച 15 പുതിയ വിള ഇനങ്ങൾ പുറത്തിറക്കി. 16 സാങ്കേതിക വിദ്യകൾ കർഷകർക്കായി അവതരിപ്പിച്ചു. വിവിധ കാമ്പസുകളിൽ സ്ഥാപിച്ച സൗരോർജ പദ്ധതി ഉദ്ഘാടനം ചെയ്യുകയും നിർമാണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം നിർവഹിക്കുകയും ചെയ്തു.
സർവകശാലയിൽ 25 വർഷം പൂർത്തിയാക്കിയ ജീവനക്കാരെയും പുതുതായി പുറത്തിറക്കിയ വിത്തിനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെയും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ഫെലോഷിപ് നേടിയ വിദ്യാർഥികളെയും ആദരിച്ചു.
മികച്ച അധ്യാപകനുള്ള അവാർഡ് ഡോ.കെ.പി. സുധീറിനും ഗവേഷകക്കുള്ള പുരസ്കാരം ഡോ. എം. അമീനക്കും വിജ്ഞാന വ്യാപന പ്രവർത്തനത്തിനുള്ള അവാർഡ് ഡോ. വി.ജി. സുനിലിനും ഗവേഷണ സംഘത്തിനുള്ള പുരസ്കാരം കരമന ഐ.എഫ്.എസിനും ഗവേഷണ കേന്ദ്രത്തിനുള്ള അവാർഡ് പട്ടാമ്പി പ്രാദേശിക ഗവേഷണ കേന്ദ്രത്തിനും കൃഷി വിജ്ഞാന കേന്ദ്രത്തിനുള്ള പുരസ്കാരം തൃശൂർ കെ.വി.കെക്കും മികച്ച കോളേജിനുള്ള അംഗീകാരം വെള്ളായണി കാർഷിക കോളേജിനും സമ്മാനിച്ചു.