മഹാകുംഭമേളയ്ക്ക് കോടിക്കണക്കിന് പേര്‍ എത്തിയെന്ന വാദം തെറ്റ്: ജയാ ബച്ചൻ

ഉത്തർപ്രദേശ് സർക്കാരിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച് സമാജ്‌വാദി പാർട്ടി നേതാവ് ജയ ബച്ചൻ . മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും മരിച്ചവരുടെ മൃതദേഹങ്ങൾ നദിയിലേക്ക് വലിച്ചെറിഞ്ഞുവെന്നും അതുമൂലം വെള്ളം മലിനമായി എന്നുമായിരുന്നു ജയയുടെ പ്രതികരണം.

പാർലമെന്റിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.ഇപ്പോൾ ഏറ്റവും കൂടുതൽ മലിനമായത് എവിടെയാണ്? അത് കുംഭമേളയിലാണ്. കുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും മരിച്ചവരുടെ മൃതദേഹങ്ങൾ നദിയിലേക്ക് വലിച്ചെറിഞ്ഞു. അതുകൊണ്ടാണ് വെള്ളം മലിനമായത്. യഥാർത്ഥ പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെന്ന് അവർ പറഞ്ഞു.

മഹാ കുംഭമേളയ്‌ക്കെത്തുന്ന സാധാരണക്കാര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അവര്‍ ആരോപിച്ചു. അവര്‍ക്ക് പ്രത്യേകമായൊരു പരിഗണനയും ലഭിക്കുന്നില്ലെന്നും പറഞ്ഞു.
എന്നാല്‍, വിഐപികള്‍ക്കെല്ലാം പ്രത്യേകപരിഗണനയാണ് ലഭിക്കുന്നതെന്നും ജയ ബച്ചന്‍ ആരോപിച്ചു. മഹാകുംഭമേളയ്ക്ക് കോടിക്കണക്കിന് പേര്‍ എത്തിയെന്ന വാദത്തെയും ജയ എതിര്‍ത്തു. എങ്ങനെയാണ് ഇത്രയും പേര്‍ ഒരുസ്ഥലത്ത് ഒത്തുകൂടുകയെന്നും അവര്‍ ചോദിച്ചു.

04-Feb-2025