ശബരിമല സ്ത്രീ പ്രവേശനം; ദേവസ്വം ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് അടുത്തയാ‍ഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും

ശബരിമലയിലെ ഇപ്പോഴത്തെ സ്ഥിതിഗതി സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് അടുത്ത ആഴ്ച സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് കൈമാറും. ബുധനാഴ്ചക്ക് ഉള്ളില്‍ റിപ്പോര്‍ട്ട് കൈമാറിയേക്കും എന്നാണ് സൂചന. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ദേവസ്വം ബോര്‍ഡ് അഭിഭാഷകര്‍ മനു അഭിഷേക് സിംഗ്വിയും ആയി കൂടിയാലോചന ആരംഭിച്ചു.

ശബരിമലയില്‍ പ്രതിഷേധം കാരണം യുവതി പ്രവേശനം സാധ്യമാകുന്നില്ല. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ട് കോടതി അലക്ഷ്യം ആകാതിരിക്കാനുള്ള മുന്‍ കരുതല്‍ സ്വീകരിക്കണം എന്ന് ബോര്‍ഡിന് നിയമ ഉപദേശം ലഭിച്ചിട്ടുണ്ട്.

25 ഓളം പുനഃപരിശോധനാഹര്‍ജികളില്‍ ദേവസ്വം ബോര്‍ഡ് കക്ഷിയായതിനാല്‍ പുനഃപരിശോധനാ ഹര്‍ജി വേണ്ടെന്നും സുപ്രീം കോടതിയെ നിലവിലെ സാഹചര്യങ്ങള്‍ ബോധിപ്പിച്ച് റിപ്പോര്‍ട്ട് മാത്രം നല്‍കിയാല്‍ മതിയെന്നും ദേവസ്വം ബോര്‍ഡ് ഇന്നലെ തീരുമാനിച്ചിരുന്നു.

20-Oct-2018