അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കൻ സൈനിക വിമാനം ഇന്ത്യയിലെത്തി; ലാൻഡ് ചെയ്‌തത് അമൃത്‌സറിൽ

അമേരിക്ക തിരിച്ചയച്ച 104 അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെയും വഹിച്ചുള്ള സൈനിക വിമാനം അമൃത്‌സറിലെത്തിയതായി റിപ്പോർട്ട്. അമേരിക്കൻ സൈന്യത്തിന്റെ സി-17വിമാനത്തിലാണ് ഇവർ എത്തിയത്. തിരിച്ചെത്തിയതിൽ കൂടുതൽ പേരും പഞ്ചാബ്, ഹരിയാന സംസ്ഥാനത്ത് നിന്നും ഉള്ളവരായതിനാൽ അമൃത്‌സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് വിമാനം ഇറങ്ങിയത്.

രാവിലെ എത്തുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും ഉച്ചയോടെയാണ് വിമാനം ലാൻഡ് ചെയ്‌തത്. അതേസമയം വിമാനത്തിൽ എത്തിയ ഇന്ത്യക്കാരെ ആദ്യം ഏവിയേഷൻ ക്ളബിലേക്കാണ് എത്തിക്കുക. ഇവിടെ ഇവരെ വിശദ പരിശോധനയ്‌ക്ക് വിധേയരാക്കും.

ഇമിഗ്രേഷൻ രേഖകൾ, ക്രിമിനൽ റെക്കോഡുകൾ എന്നിവ ശക്തമായ പരിശോധനയ്‌ക്ക് വിധേയമാക്കും. അതിനുശേഷം പ്രശ്‌നമില്ലെന്ന് കണ്ടാൽ മാത്രമേ പോകാൻ അനുവദിക്കൂ. ഓരോരുത്തരും ഏത് സംസ്ഥാനക്കാരാണോ അതാത് സംസ്ഥാനങ്ങളിലും വിവരം അറിയിക്കും.

05-Feb-2025