കേരളത്തിൽ മാർച്ച് 1 മുതൽ ആർസി ബുക്കുകൾ ഡിജിറ്റലാകും

സംസ്ഥാനത്ത് മാര്‍ച്ച് ഒന്ന് മുതൽ വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാകും. ആര്‍സി ബുക്കുകള്‍ പ്രിന്‍റ് എടുത്ത് നൽകുന്നതിന് പകരമാണ് ഡിജിറ്റലായി നൽകുന്നത്. വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളിൽ രജിസ്ട്രേഷൻ പൂര്‍ത്തിയാക്കി വാഹൻ വെബ്സൈറ്റിൽ നിന്നും ആര്‍സി ബുക്ക് ഡൗണ്‍ലോഡ് ചെയ്യാനാകും.

മാര്‍ച്ച് ഒന്ന് മുതൽ ആര്‍സി ബുക്കുകള്‍ ഡിജിറ്റലാകുന്നതോടെ പ്രത്യേക നിര്‍ദേശങ്ങളും ഗതാഗത വകുപ്പ് നൽകുന്നുണ്ട്. ഫെബ്രുവരി മാസത്തിനുള്ളിൽ എല്ലാ വാഹന ഉടമകളും ആര്‍സി ബുക്കുമായി ഫോണ്‍ നമ്പറുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് ഗതാഗത കമ്മീഷണര്‍ എച്ച് നാഗരാജു പറഞ്ഞു.

ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറുകളാണ് നൽകേണ്ടതെന്നും ഓൺലൈൻ വഴി സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ നമ്പറുകല്‍ അപ്ഡേറ്റ് ചെയ്യാമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.

11-Feb-2025