കേന്ദ്രത്തിൻ്റെ ആഴക്കടൽ ഖനന നയം മത്സ്യത്തൊഴിലാളികളെ ബാധിക്കും: മന്ത്രി സജി ചെറിയാൻ
അഡ്മിൻ
കേന്ദ്ര സര്‍ക്കാറിൻ്റെ ആഴക്കടൽ കരിമണല്‍ ഖനന നയം മത്സ്യത്തൊഴിലാളികളെ ബാധിക്കുമെന്നും സംസ്ഥാനം ആശങ്ക അറിയിച്ചിട്ടുണ്ടെന്നും മന്ത്രി സജി ചെറിയാൻ. നിലവിൽ പ്രഖ്യാപിച്ച കൊല്ലത്തെ ഖനനം അടക്കം നടത്താന്‍ അനുവദിക്കില്ല. കേന്ദ്ര നയത്തിനെതിരെ യോജിച്ച് എന്തു ചെയ്യാനാകുമെന്ന് നോക്കുന്നുണ്ട്. വേണ്ടിവന്നാല്‍ മത്സ്യത്തൊഴിലാളികളെ കൂട്ടിയോജിപ്പിച്ച് സമരം നടത്തുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
സ്വകാര്യ മേഖലയ്ക്ക് ഖനനം നല്‍കുന്ന കേന്ദ്ര നിയമം, മത്സ്യത്തൊഴിലാളികളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ്. മുന്നണി വ്യത്യാസമില്ലാതെ ഇതിനെതിരെ ശക്തമായ പ്രതിഷേധം നടത്താന്‍ കഴിയണം. ഇതില്‍ ഉറച്ച നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് ഒപ്പമാണ് സര്‍ക്കാര്‍.
12 നോട്ടിക്കലിനുള്ളിലാണ് സര്‍ക്കാറിന് അനുമതിയുള്ളത്. എന്നാല്‍, ഖനനം അതിനുമപ്പുറമാണ്. കടല്‍ ഖനനം കേരളത്തില്‍ ലഭ്യമായ കയറ്റുമതി പ്രാധാന്യമുള്ള മത്സ്യങ്ങളെയും മത്സ്യ ബന്ധനത്തെയും ബാധിക്കും. ഇത് സാമ്പത്തികമായി മത്സ്യത്തൊഴിലാളികളെയും ബാധിക്കും. മത്സ്യ മേഖലയെ ബാധിക്കുന്ന വലിയ പ്രശ്‌നമാണ് ആഴക്കടല്‍ ഖനനമെന്നും അദ്ദേഹം പറഞ്ഞു.