കണ്ണൂർ: കേരളം വിദേശസഹായം തേടിയതുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചയിൽ കേരളീയരെ വിവരംകെട്ടവന്മാരെന്ന് വിളിച്ച റിപ്പബ്ലിക് ചാനല്‍ മാധ്യമപ്രവര്‍ത്തകൻ അര്‍ണബ് ഗോസ്വാമിക്കെതിരേ കണ്ണൂരില്‍ കേസ് രജിസ്റ്റർ ചെയ്തു. പീപ്പിൾസ് ലോ ഫൗണ്ടേഷന് വേണ്ടി സി.പി.എം. കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി.ശശിയാണ് കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട്(ഒന്ന്) കോടതിയിൽ കേസ് ഫയൽ ചെയ്തത്. അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് പരാതി.
പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്നും കേരളമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പിഴയായി 10 കോടി രൂപ കൊടുക്കണമെന്നും കാണിച്ച് നേരത്തെ അർണബിനു വക്കീൽ നോട്ടീസയച്ചിരുന്നു. എന്നാല്‍ തന്റെ പരാമർശം തെറ്റായി വ്യാഖ്യാനിച്ചു എന്നും ചാനലിൽ ഈ വിഷയത്തിൽ നടത്തിയ പരാമർശങ്ങളിൽ പിശകില്ലെന്നും കാണിച്ച് അർണബ് മറുപടി നൽകിയിരുന്നു.ഇതേത്തുടർന്നാണ് അഡ്വ. വി.ജയകൃഷ്ണൻ മുഖേന കോടതിയെ സമീപിച്ചത്. മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസുൾപ്പെടെയുള്ളവർ സാക്ഷികളാണ്. നവംമ്പർ ഏഴിന് ഹർജിക്കാരനിൽനിന്നു തെളിവെടുക്കും.